കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് പ്രവാസികൾ നേരിടുന്ന വിവിധ പ്രതിസന്ധികളിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ കുവൈത്ത് അധികൃതർക്ക് കത്തയച്ചു. ഇന്ത്യൻ അംബാസഡർ, കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേരളത്തിലെ എംപിമാർ എന്നിവർക്കാണ് സംഘടന നിവേദനം നൽകിയത്. യാത്രാ ക്ലേശം, ചികിത്സാ സൗകര്യങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി പ്രവാസികൾ അഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ വിഷയങ്ങളാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
യാത്രാ ദുരിതവും വിമാന നിരക്കും: വിമാനങ്ങളുടെ എണ്ണം കുറവായതിനാൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്. ഇത് അവധിക്ക് നാട്ടിൽ പോയവർക്കും അടിയന്തിരമായി മടങ്ങേണ്ടവർക്കും വലിയ തിരിച്ചടിയായി.
വിസിറ്റ് വിസക്കാരുടെ ആശങ്കകൾ: അനിശ്ചിതത്വം കാരണം വിസിറ്റ് വിസയിലെത്തിയവർക്ക് കൃത്യസമയത്ത് മടങ്ങിപ്പോകാൻ സാധിക്കുന്നില്ല. കൂടാതെ രോഗികളായവരുടെ ചികിൽസയും മുടങ്ങിയിരിക്കുകയാണ്.
മരുന്നുകളുടെ ലഭ്യത: ഇന്ത്യയിൽ നിന്നുള്ള അവശ്യ മരുന്നുകൾ കുവൈത്തിൽ ലഭ്യമല്ലാത്തതിനാൽ രോഗികളെ സാരമായി ബാധിക്കുന്നു.
വിദ്യാർത്ഥികളുടെടെ സ്‌കൂൾ പ്രവേശനം: യാത്ര മുടങ്ങിയ സാഹചര്യത്തിൽ തുടർപഠനത്തിനായി ഇന്ത്യയിലെ വിദ്യാലയങ്ങളിൽ സമയബന്ധിതമായി പ്രവേശനം നേടാൻ സാധിക്കാത്തത് മൂലം കുട്ടികളുടെ ഭാവി അവതാളത്തിലാകുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ
തൊഴിൽ നഷ്ടവും മാനസിക സമ്മർദ്ദവും: സംഘർഷാവസ്ഥ മൂലം ജോലി നഷ്ടപ്പെട്ടവർക്ക് പ്രത്യേക പുനരധിവാസ പദ്ധതികൾ വേണം. നിലവിലെ സാഹചര്യം പ്രവാസികൾക്കിടയിൽ വലിയ തോതിലുള്ള ഉത്കണ്ഠയ്ക്കും മാനസിക സമ്മർദ്ദത്തിനും കാരണമാകുന്നുണ്ട്.
മാതൃകയായി പ്രവാസി വെൽഫെയർ; സർക്കാരും മുന്നോട്ട് വരണംതാരതമ്യേന കുറഞ്ഞ നിരക്കിൽ സ്വന്തം നിലയിൽ രണ്ട് ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ പ്രവാസി വെൽഫെയറിന് സാധിച്ചിട്ടുണ്ട്.
നിലവിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി പുതിയ ചാർട്ടേഡ് വിമാന സർവീസിനുള്ള ചർച്ചകൾ സംഘടന സജീവമായി നടത്തിവരികയാണ്.
ഒരു പ്രവാസി സംഘടനയ്ക്ക് ഇത്തരത്തിൽ മുൻകൈ എടുക്കാമെങ്കിൽ, സർക്കാരുകൾക്കും ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്താവുന്നതേയുള്ളൂവെന്ന് സംഘടന നിവേദനത്തിൽ ഓർമ്മിപ്പിച്ചു. കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തി കുറഞ്ഞ നിരക്കിൽ യാത്രാസൗകര്യം ഒരുക്കാൻ സർക്കാരും തയ്യാറാകണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് ഭാരവാഹികൾ ആവശ്യപ്പെട്ടു.പ്രവാസികളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉചിതമായ നയതന്ത്ര നടപടികൾ കൈക്കൊള്ളണമെന്ന് വാർത്താക്കുറിപ്പിലൂടെ സംഘടന അഭ്യർത്ഥിച്ചു.
