കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ സാലിം പ്രദേശത്ത് അധികൃതർ നടത്തിയ പരിശോധനാ ക്യാമ്പയിനിൽ 48 നിയമലംഘനങ്ങൾ കണ്ടെത്തി.നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചത്.വാണിജ്യ വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മുബാറക് അൽ കബീർ ഗവർണറേറ്റ് സുരക്ഷാ വിഭാഗം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്.
അഹമ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ അടിയന്തര പരിശോധനാ സംഘങ്ങളും ക്യാമ്പയിനിൽ പങ്കെടുത്തു.വ്യാപാര സ്ഥാപനങ്ങളിൽ ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നുണ്ടോ, ഉൽപ്പന്നങ്ങൾ പ്രഖ്യാപിച്ച വിലയ്ക്കാണോ വിൽക്കുന്നത്, ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങളും സുരക്ഷാ നിർദേശങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.വാണിജ്യ തട്ടിപ്പുകൾ തടയുക, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുക, വിപണിയിലെ നിയമലംഘനങ്ങൾ കണ്ടെത്തുക എന്നിവയും പരിശോധനയുടെ ലക്ഷ്യങ്ങളായിരുന്നു.
പരിശോധനയിൽ വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 48 റിപ്പോർട്ടുകൾ തയ്യാറാക്കി. നിയമലംഘകർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് നിയമനടപടികളും സ്വീകരിച്ചു.ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിലെ സുതാര്യതയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.



