കുവൈറ്റ് സിറ്റി: ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ ക്രമീകരിക്കുന്നതിനായി 2026-ലെ പത്താം നമ്പർ മന്ത്രിതല പ്രമേയം വാണിജ്യ മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കി. ഉപഭോക്താക്കളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനും സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുമാണ് ഈ നീക്കം.
ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകൾ നടത്തുന്ന എല്ലാ കമ്പനികളും രണ്ട് മാസത്തിനുള്ളിൽ തങ്ങളുടെ ലൈസൻസ് പ്രവർത്തനങ്ങൾ പുതിയ അന്താരാഷ്ട്ര വർഗ്ഗീകരണത്തിന് അനുസൃതമായി പരിഷ്കരിക്കണം.റെസ്റ്റോറന്റുകളും ഡെലിവറി പ്ലാറ്റ്ഫോമുകളും തമ്മിലുള്ള നിലവിലെ കരാറുകളിലെ ഫീസുകളും കമ്മീഷനുകളും 2026 അവസാനം വരെ വർദ്ധിപ്പിക്കാൻ പാടില്ല. ഇത് പരമാവധി പരിധിയായി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ കമ്പനികൾക്ക് ചാർജുകൾ കുറയ്ക്കാൻ അനുവാദമുണ്ടാകും.
ഈ നിയമം വന്ന് ഒരു മാസത്തിനുള്ളിൽ കമ്പനികൾ തങ്ങളുടെ സേവന വ്യവസ്ഥകൾ വാണിജ്യ മന്ത്രാലയത്തിന് സമർപ്പിക്കണം. കോംപറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റി അംഗീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ ഡെലിവറി കമ്പനികളും നിർബന്ധമായും പാലിക്കണം. ഡെലിവറി ആപ്പുകൾ ഈടാക്കുന്ന ഉയർന്ന കമ്മീഷനുകൾ ഭക്ഷണവില വർദ്ധിക്കാൻ കാരണമാകുന്നു എന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ഈ ഇടപെടൽ. ഇത് റെസ്റ്റോറന്റുകൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.



