കുവൈറ്റ് സിറ്റി: പ്രാദേശികമായ അസ്ഥിരതകൾക്കിടയിൽ രാജ്യം സ്വീകരിച്ച ശക്തമായ പ്രതിരോധ നടപടികളുടെയും സുരക്ഷാ പ്രവർത്തനങ്ങളുടെയും ഔദ്യോഗിക കണക്കുകൾ കുവൈറ്റ് പുറത്തുവിട്ടു. മേഖലയിൽ സംഘർഷം ആരംഭിച്ചത് മുതൽ സൈനിക, സുരക്ഷാ, സിവിൽ ഡിഫൻസ് മേഖലകളിൽ രാജ്യം അതീവ ജാഗ്രതയിലാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. പ്രക്ഷോഭങ്ങളുടെ തുടക്കം മുതൽ ഇതുവരെ 549 ഡ്രോണുകളെയും 255 ബാലിസ്റ്റിക് മിസൈലുകളെയും പ്രതിരോധ സേന നിരീക്ഷിക്കുകയും ഫലപ്രദമായി നേരിടുകയും ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ ജനങ്ങളെ ജാഗരൂകരാക്കുന്നതിനായി 116 തവണയാണ് ആഭ്യന്തര മന്ത്രാലയം അപായ സൂചന നൽകുന്ന സൈറണുകൾ മുഴക്കിയത്. വിവിധ മേഖലകളിൽ നിന്നായി ലഭിച്ച 484 അടിയന്തര റിപ്പോർട്ടുകൾ സുരക്ഷാ സംഘങ്ങൾ അപ്പപ്പോൾ തന്നെ കൈകാര്യം ചെയ്തു. യുദ്ധസമാനമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന മാനസികാഘാതം നേരിടാൻ ആരോഗ്യ മന്ത്രാലയം സവിശേഷമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിലായി 75 പ്രാഥമിക മാനസികാരോഗ്യ ക്ലിനിക്കുകൾ സ്ഥാപിക്കുകയും സഹായത്തിനായി ഒരു ഹെൽപ്പ് ലൈൻ ആരംഭിക്കുകയും ചെയ്തു. ഈ ഹെൽപ്പ് ലൈനിലേക്ക് ഇതുവരെ 151 കോളുകൾ ലഭിച്ചതായാണ് വിവരം.
ഡ്രോൺ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് 36 വലിയ തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പടർന്നുപിടിച്ച 78 അഗ്നിബാധകളും സിവിൽ ഡിഫൻസ് സംഘം നിയന്ത്രിച്ചു. ആകെ 940 അടിയന്തര കോളുകളോടാണ് അഗ്നിശമന സേന ഇതുവരെ പ്രതികരിച്ചത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള 42 കേന്ദ്രങ്ങൾ പ്രത്യേക സംഘം ഏറ്റെടുത്ത് സുരക്ഷിതമാക്കിയതായും അധികൃതർ സ്ഥിരീകരിച്ചു.
