കുവൈറ്റ് സിറ്റി: ശുവൈഖ് പോലീസ് സ്റ്റേഷനുമായി സഹകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ കർശനമായ പരിശോധനയിൽ, ഉപയോഗിച്ച പഴയ ടയറുകൾ പുതിയ രീതിയിലാക്കി മാറ്റി വിപണിയിലെത്തിക്കാൻ ശ്രമിച്ച വൻ തട്ടിപ്പ് സംഘത്തെ പിടികൂടി. തുറസ്സായ ഒരു പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥർ നടത്തിയ കൃത്യമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഈ കേന്ദ്രം റെയ്ഡ് ചെയ്തത്.
ഉപയോഗിച്ച പഴയ ടയറുകൾ കൊണ്ടുവന്ന് ശേഖരിച്ച ശേഷം അവ വൃത്തിയാക്കുകയും, പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയതാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പുനർനിർമ്മിക്കുകയും ചെയ്യുന്നതായിരുന്നു ഇവരുടെ പ്രവർത്തന ശൈലി എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച്, ഉയർന്ന ഗുണനിലവാരമുള്ള പുത്തൻ ടയറുകളാണെന്ന വ്യാജേന വിൽക്കാനായിരുന്നു ഈ തട്ടിപ്പ് സംഘം പദ്ധതിയിട്ടിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയ മന്ത്രാലയം, കൂടുതൽ അന്വേഷണങ്ങൾ പൂർത്തിയാക്കുന്നതിനും കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി കേസ് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.



