കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെ നിന്ന് പുറപ്പെടുന്നതുമായ കൊമേഴ്ഷ്യൽ വിമാന സർവീസുകൾ 2026 ഫെബ്രുവരി 28 മുതൽ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കുവൈത്തിലെ എല്ലാ എയർലൈൻസുകൾക്കും ട്രാവൽ ഏജൻസികൾക്കും സിവിൽ ഏവിയേഷൻ അധികൃതർ നിർദ്ദേശം നൽകി.
ഏവിയേഷൻ സേഫ്റ്റിയും എയർ ട്രാൻസ്പോർട്ടും സംബന്ധിച്ച ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുല്ല എഫ്. അൽരാജ്ഹിയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. നിലവിലെ അസാധാരണ പ്രാദേശിക സാഹചര്യങ്ങൾ കാരണം യാത്രകൾ റദ്ദായ സാഹചര്യത്തിൽ യാത്രക്കാരുടെ അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കി.
ടിക്കറ്റ് റീഫണ്ട് സംബന്ധിച്ച്:ടിക്കറ്റിന്റെ ഏതെങ്കിലും ഭാഗം ഉപയോഗിച്ചിട്ടില്ലെങ്കിൽ യാത്രക്കാർക്ക് പൂർണ്ണമായും ടിക്കറ്റ് തുക തിരികെ ലഭിക്കേണ്ടതാണ്. ടിക്കറ്റിന്റെ ഒരു ഭാഗം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഉപയോഗിക്കാത്ത ഭാഗത്തിനുള്ള തുക മുഴുവനായും തിരികെ നൽകണം. ടിക്കറ്റ് “നോൺ റീഫണ്ടബിൾ” എന്ന വ്യവസ്ഥയിലാണെങ്കിലും ഉപയോഗിക്കാത്ത ഭാഗത്തിനുള്ള തുക തിരികെ നൽകേണ്ടതാണെന്ന് നിർദ്ദേശത്തിൽ പറയുന്നു.
യാത്രക്കാർക്ക് നിർബന്ധിച്ച് ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാനോ ട്രാവൽ വൗച്ചറുകളായി മാറ്റാനോ ക്രെഡിറ്റായി മാറ്റാനോ പാടില്ല. ഇത് യാത്രക്കാരുടെ ഇച്ഛപ്രകാരം മാത്രമേ ചെയ്യാവൂ.
മറ്റു സേവനങ്ങളുടെ റീഫണ്ട്: ഉപയോഗിക്കാത്ത ഹോട്ടൽ ബുക്കിംഗ്, കാർ വാടക, അധിക ബാഗേജ്, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയ ടൂറിസം സേവനങ്ങൾക്കുള്ള തുകയും യാത്രക്കാർക്ക് തിരികെ ലഭിക്കേണ്ടതാണ്. റീഫണ്ട് ലഭിക്കാത്ത സാഹചര്യത്തിൽ അതിന് കാരണമായുള്ള ഔദ്യോഗിക രേഖ യാത്രക്കാരന് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.റീഫണ്ട് നൽകുന്ന വിധം:ടിക്കറ്റ് വാങ്ങിയ അതേ പേയ്‌മെന്റ് മാർഗം ഉപയോഗിച്ചാണ് റീഫണ്ട് നൽകേണ്ടത്. യാത്രക്കാരന്റെ സമ്മതത്തോടെ മാത്രമേ മറ്റൊരു മാർഗം സ്വീകരിക്കാവൂ.
സർവീസ് ചാർജുകൾ:ബുക്കിംഗ് സമയത്ത് വ്യക്തമായി അറിയിച്ചും അംഗീകരിച്ചും നൽകിയ സർവീസ് ഫീസ് മാത്രമേ കുറയ്ക്കാൻ പാടുള്ളൂ.പ്രാബല്യം:2026 ഫെബ്രുവരി 28 മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനം വീണ്ടും സാധാരണ നിലയിലാകുന്നതുവരെ റദ്ദായ എല്ലാ യാത്രകൾക്കും ഈ നിയമം ബാധകമായിരിക്കും.
റീഫണ്ട് സമയം:യാത്രക്കാർ സമർപ്പിക്കുന്ന അപേക്ഷകൾ പരമാവധി 15 പ്രവൃത്തി ദിവസത്തിനുള്ളിൽ പരിഗണിച്ച് റീഫണ്ട് നൽകണം.ലംഘനം ഉണ്ടെങ്കിൽ:ഈ നിർദ്ദേശം ലംഘിക്കുന്നവരെ 1987 ലെ എയർ ട്രാൻസ്പോർട്ട് മാർക്കറ്റ് നിയന്ത്രണ നിയമത്തിലെ ആർട്ടിക്കിൾ 21 പ്രകാരം പരാതികളും മധ്യസ്ഥതാ കമ്മിറ്റിയ്ക്ക് മുന്നിൽ പരിഗണിക്കാൻ വിടുമെന്നും അധികൃതർ അറിയിച്ചു.
