കുവൈറ്റ് സിറ്റി: കുവൈറ്റിലെ അഹമ്മദി, മിന അബ്ദുള്ള എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സവും ആഗോള വിമാന ഇന്ധന വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ലോകത്തെ വിമാന ഇന്ധന വിതരണ ശൃംഖലയുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന ഈ നീക്കം അന്താരാഷ്ട്ര വിമാന സർവീസുകളെയും വിമാനക്കമ്പനികളുടെ പ്രവർത്തന ചെലവിനെയും സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. വിൻഡ്‌വാർഡ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, സമുദ്രമാർഗ്ഗമുള്ള ആഗോള വിമാന ഇന്ധന വിതരണത്തിന്റെ പത്ത് ശതമാനത്തോളമാണ് ഈ സംഭവങ്ങളോടെ ഇല്ലാതായത്. സമീപകാലത്ത് വ്യോമയാന മേഖല നേരിടുന്ന ഏറ്റവും വലിയ ആഘാതമാണിതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണ കൊറിയ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ വിമാന ഇന്ധന കയറ്റുമതി രാജ്യമായ കുവൈറ്റിന് ഈ വിപണിയിൽ നിർണ്ണായക സ്ഥാനമാണുള്ളത്. 2025-ഓടെ പ്രതിദിനം 2,60,000 ബാരൽ ഇന്ധനം കയറ്റുമതി ചെയ്യാനാണ് കുവൈറ്റ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 61 ശതമാനവും മിന അൽ-അഹമ്മദി, മിന അബ്ദുള്ള റിഫൈനറികളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതിനാൽ തന്നെ ഈ കേന്ദ്രങ്ങൾക്കുണ്ടാകുന്ന ഏതൊരു തടസ്സവും ആഗോള വിപണിയെ നേരിട്ട് ബാധിക്കും. ആഭ്യന്തര ഉത്പാദനം കുറവായ ഫ്രാൻസ്, അമേരിക്ക, നെതർലൻഡ്‌സ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ആവശ്യങ്ങൾക്കായി കുവൈറ്റിലെ ഇന്ധനത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഇന്ധനം നിറച്ച എട്ട് കപ്പലുകൾ ഉൾപ്പെടെ 73 ടാങ്കറുകൾ കുടുങ്ങിക്കിടക്കുകയാണെന്ന് വിൻഡ്‌വാർഡ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പുതിയ ലോഡിംഗ് പ്രവർത്തനങ്ങൾ മൂന്ന് ദിവസത്തിലേറെയായി തടസ്സപ്പെട്ടിരിക്കുകയാണ്. ഈ ലോജിസ്റ്റിക് തടസ്സങ്ങൾ ആഗോള വിതരണ ശൃംഖലയിൽ കാലതാമസമുണ്ടാക്കാനും സമുദ്ര ഗതാഗത ചെലവ് കുത്തനെ ഉയരാനും കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഇന്ധനം നിറയ്ക്കൽ ഷെഡ്യൂളുകളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാനും വിമാന സർവീസുകൾ വെട്ടിച്ചുരുക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
