കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ 20 ശത്രു ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുലഅസീസ് അൽ-അത്വാൻ അറിയിച്ചു. ഇവയിൽ 13 മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞ് തകർത്തതായും, ശേഷിച്ച 7 മിസൈലുകൾ ഭീഷണി പരിധിക്ക് പുറത്താണ് വീണതെന്നും അതിനാൽ അപകടമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം 9 ശത്രു ഡ്രോണുകളും സൈന്യം കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ഇതിൽ 6 ഡ്രോണുകൾ നശിപ്പിച്ചു. രണ്ട് ഡ്രോണുകൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിനെ ലക്ഷ്യമിട്ടതിനെ തുടർന്ന് സ്ഥലത്ത് തീപിടിത്തമുണ്ടായെങ്കിലും പ്രത്യേക സംഘങ്ങൾ അത് നിയന്ത്രണ വിധേയമാക്കുകയാണ്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മറ്റൊരു ഡ്രോൺ ഭീഷണി പരിധിക്ക് പുറത്താണ് തകർന്നത്.
ഇതിനൊപ്പം നാഷണൽ ഗാർഡ് സേനയുടെ ഒരു വിഭാഗം തങ്ങളുടെ ചുമതലയിലുള്ള മേഖലയിൽ ഒരു ഡ്രോൺ ഉൾപ്പെടെ അഞ്ച് ആളില്ലാ വിമാനങ്ങളും (UAV) വിജയകരമായി നശിപ്പിച്ചതായും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി കുവൈത്ത് സായുധസേന പൂർണ സജ്ജതയോടെയാണ് പ്രവർത്തിക്കുന്നതെന്നും, വിവിധ സൈനിക വിഭാഗങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തമായി തുടരുന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
