കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് മേഖലയിലുള്ള കെട്ടിടങ്ങളിൽ മുൻസിപ്പൽ കാര്യ മന്ത്രാലയവും ഭവന മന്ത്രാലയവും സംയുക്തമായി മിന്നൽ പരിശോധന നടത്തി. മുൻസിപ്പൽ കാര്യ മന്ത്രിയും ഭവനകാര്യ മന്ത്രിയുമായ അബ്ദുൽ ലത്തീഫ് അൽ മഷാരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കെട്ടിടങ്ങൾ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഈ പരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.കുവൈത്ത് മുനിസിപ്പാലിറ്റി വിവിധ ഗവർണറേറ്റുകളിൽ നടത്തുന്ന ആനുകാലിക പരിശോധനകളുടെ ഭാഗമായാണ് ഈ സന്ദർശനം. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് രാജ്യം പരമപ്രധാന്യമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനസാന്ദ്രതയേറിയ കെട്ടിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ കൃത്യമാണോ എന്ന് പരിശോധനാ സംഘം പ്രത്യേകം നിരീക്ഷിച്ചു വരികയാണ്. ജനറൽ ഫയർ ഫോഴ്സ്, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി ഈ കർശന പരിശോധനകൾ നടത്തുന്നത്.
