കുവൈറ്റ് സിറ്റി: മുൻ ജീവനക്കാരുടെ യാത്രാ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റ് എയർവേയ്‌സിനെതിരെ അന്തിമ കോടതി വിധി വന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി വ്യക്തമാക്കി. ഒരു അഭിഭാഷകൻ വഴി അനുകൂല വിധി സമ്പാദിച്ചുവെന്ന അവകാശവാദങ്ങൾ അപൂർണ്ണവും നിയമനടപടികളെ തെറ്റായി വ്യാഖ്യാനിക്കുന്നതുമാണെന്ന് എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്ത് ചില തൽപരകക്ഷികൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി ഭാഗികമായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കമ്പനി ആരോപിച്ചു. നിലവിൽ പുറത്തുവന്നത് പ്രാഥമികമായ ഒരു വിധി മാത്രമാണെന്നും അത് അന്തിമമല്ലെന്നും കുവൈറ്റ് എയർവേയ്‌സ് വിശദീകരിച്ചു. സമാനമായ മുൻ കേസുകളിൽ കമ്പനിയുടെ തീരുമാനങ്ങളും നടപടിക്രമങ്ങളും ശരിവെക്കുന്ന വിധികളാണ് കോടതിയിൽ നിന്നുണ്ടായിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.
ഇത്തരം അപൂർണ്ണമായ വിവരങ്ങൾ പൊതുജനങ്ങൾക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പമുണ്ടാക്കാൻ കാരണമാകും. അതിനാൽ വാർത്തകൾ പങ്കുവെക്കുന്നതിന് മുൻപ് അവയുടെ സത്യാവസ്ഥ പരിശോധിക്കണമെന്ന് എയർലൈൻ അധികൃതർ ആവശ്യപ്പെട്ടു. കമ്പനിയുടെ പ്രവർത്തന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എടുത്ത തീരുമാനങ്ങൾ നിയമപരമായി നിലനിൽക്കുന്നതാണെന്നും കുവൈറ്റ് എയർവേയ്‌സ് ആവർത്തിച്ചു.
