പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഗ്രാമത്തിന്റെ ചൂരുള്ള കഥകളിലൂടെ തമിഴ് സിനിമയുടെ പ്രശസ്തി ലോകമെങ്ങും പടർത്തിയ സംവിധായകനാണ് അദ്ദേഹം. 30 വർഷം മുൻപ് ‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്കുള്ള കടന്നുവരവ്. 2004 ൽ രാജ്യം പത്മശ്രീ പരസ്കാരം നൽകി ആദരിച്ച ഭാരതിരാജ 2013 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായിരുന്നു. നിർമാതാവും തിരക്കഥാകൃത്തും നടനുമായിരുന്നു. ഭാര്യ: ചന്ദ്രലീലാവതി. മക്കൾ: ജനനി രാജ്കുമാർ, അന്തരിച്ച സംവിധായകനായ മനോജ് ഭാരതിരാജ.
സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്. 2020 ലാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രമായ ‘മീണ്ടും ഒരു മര്യാദൈ’ പുറത്തിറങ്ങിയത്. അടുത്തിടെ മോഹൻലാൽ നായകനായ ‘തുടരും’ എന്ന ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ ഭാരതിരാജ എത്തിയിരുന്നു.കഴിഞ്ഞവർഷം മാർച്ചിലാണ് അദ്ദേഹത്തിന്റെ മകനും നടനുമായ മനോജ് ഭാരതിരാജ (48) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. അതിനുശേഷം വല്ലാത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം.

