വാഷിംഗ്ടണ്‍: ഇറാനെതിരായ സൈനിക നടപടികളിൽ കുവൈറ്റ് പങ്കാളിയായെന്ന അന്താരാഷ്ട്ര പ്രമുഖ മാധ്യമമായ വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് കുവൈറ്റ് പ്രഖ്യാപിച്ചു. ജൂലൈ 24-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെതിരെ അമേരിക്കയിലെ കുവൈത്ത് അംബാസഡർ ഷെയ്ഖ അൽ-സെയ്ൻ അൽ-സബാഹ് വാൾസ്ട്രീറ്റ് ജേർണലിന്റെ എഡിറ്റോറിയൽ ബോർഡിന് ഔദ്യോഗിക കത്തയച്ചു. ഇറാനെതിരെ സൈനിക നീക്കം നടത്താനോ അയൽരാജ്യങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിടാനോ തങ്ങളുടെ കര-വ്യോമ-സമുദ്ര അതിർത്തികൾ ഉപയോഗിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് അംബാസഡർ വ്യക്തമാക്കി.
ഇറാനെതിരെ കുവൈറ്റും ബഹ്റൈനും വ്യോമാക്രമണം നടത്തിയെന്ന വ്യാജ വാദമാണ് മാധ്യമം ഉന്നയിച്ചതെന്ന് കുവൈറ്റ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങളെയും പരമാധികാരത്തെയും അയൽപക്ക ബന്ധങ്ങളെയും എന്നും ബഹുമാനിക്കുന്ന രാജ്യമാണ് കുവൈറ്റെന്നും, തർക്കങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അംബാസഡർ കത്തിൽ ഓർമ്മിപ്പിച്ചു. മേഖലയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ അന്തരീക്ഷത്തിൽ തെറ്റായ വാർത്തകൾ നൽകുന്നത് കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, അതിനാൽ വാർത്ത തിരുത്തി പ്രസിദ്ധീകരിക്കണമെന്നും കുവൈറ്റ് ആവശ്യപ്പെട്ടു.



