കുവൈറ്റ് സിറ്റി: വംശനാശഭീഷണി നേരിടുന്നതും അപൂർവ്വമായി മാത്രം കണ്ടുവരുന്നതുമായ ‘യൂറേഷ്യൻ ട്രീ ഔൾ’ വർഗ്ഗത്തിൽപ്പെട്ട മൂങ്ങകളെ കുവൈറ്റിൽ കണ്ടെത്തിയതായി പരിസ്ഥിതി പൊതു അതോറിറ്റി അറിയിച്ചു. ദേശാടനത്തിന്റെ ഭാഗമായി വിശ്രമിക്കാനാണ് ഇവ കുവൈറ്റിൽ എത്തുന്നതെന്നും, ഇത്തരം പക്ഷികളെ ഉപദ്രവിക്കാനോ പിടികൂടാനോ പാടില്ലെന്നും പൊതുജനങ്ങൾക്ക് പരിസ്ഥിതി സംരക്ഷണ അതോറിറ്റി കർശന മുന്നറിയിപ്പ് നൽകി.
വർഷത്തിൽ രണ്ടുതവണയാണ് ഈ അപൂർവ്വ മൂങ്ങകൾ കുവൈറ്റിൽ എത്തുന്നത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ആദ്യമായി എത്തുക. തുടർന്ന് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇവ വീണ്ടും തിരിച്ചെത്തുന്നു. താഴ്ന്നു പറക്കുന്ന സ്വഭാവമുള്ളതിനാൽ പാർക്കുകളിലും പാർപ്പിട മേഖലകളിലും വീടുകൾക്ക് സമീപമുള്ള മരങ്ങളിലും ഇവയെ സാധാരണയായി കണ്ടുവരാറുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം വന്യജീവികളെയും പക്ഷികളെയും വേട്ടയാടുന്നതും ഉപദ്രവിക്കുന്നതും കടുത്ത കുറ്റകൃത്യമാണ്. വന്യജീവികൾക്ക് പരിക്കേറ്റ നിലയിൽ കാണപ്പെടുകയാണെങ്കിൽ 157 എന്ന ഹോട്ട്ലൈൻ നമ്പറിലോ അതോറിറ്റിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ ഉടൻ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ മരക്കൊമ്പുകളെ തടസ്സമില്ലാതെ അനുകരിക്കാനുള്ള അസാധാരണ കഴിവും പ്രതിരോധ തന്ത്രവുമാണ് ഈ മൂങ്ങയുടെ പ്രധാന സവിശേഷത. മരത്തോലിന് സമാനമായ ചാരനിറവും തവിട്ടുനിറവും കലർന്ന ഡിസൈനാണ് ഇതിന്റെ ചിറകുകൾക്കുള്ളത്. ശത്രുക്കളെയോ മറ്റ് മൃഗങ്ങളെയോ കാണുമ്പോൾ ശരീരം പൂർണ്ണമായും നിവർത്തി പിടിച്ച് ഉണങ്ങിയ മരച്ചില്ല പോലെ സാവധാനം ഇളകി മരത്തിൽ ഒളിച്ചിരിക്കാൻ ഇവയ്ക്ക് സാധിക്കുന്നു. ഈ അപൂർവ്വ പ്രതിരോധ തന്ത്രം വഴിയാണ് ഇവ ശത്രുക്കളുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെടുന്നത്.



