കുവൈത്ത് സിറ്റി, ജൂലൈ 23: പ്രായപൂർത്തിയാകാത്തവർക്ക് (21 വയസ്സിന് താഴെയുള്ളവർക്ക്) സിഗരറ്റ് വിറ്റ കടയും വിവിധ നിയമലംഘനങ്ങൾ നടത്തിയ ഒരു ആരോഗ്യ സ്ഥാപനവും കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി.അൽ അഹ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ അടിയന്തര പരിശോധനാ സംഘങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ ജുവനൈൽ പ്രൊട്ടക്ഷൻ വിഭാഗവുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് 21 വയസ്സിന് താഴെയുള്ള ഉപഭോക്താവിന് സിഗരറ്റ് വിൽക്കുന്നതിനിടെ കടയുടമയെ കൈയോടെ പിടികൂടിയത്. തുടർന്ന് കട ഉടൻ അടച്ചുപൂട്ടുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
അതേസമയം, അൽ ജഹ്റ, ഫർവാനിയ ഗവർണറേറ്റുകളിലെ പരിശോധനാ സംഘങ്ങൾ നടത്തിയ മറ്റൊരു പരിശോധനയിൽ മന്ത്രാലയ ഉത്തരവുകൾ ലംഘിക്കുകയും ചില സേവനങ്ങൾക്ക് പണമായി (Cash) ഇടപാടുകൾ നടത്തുകയും ചെയ്ത ഒരു ആരോഗ്യ സ്ഥാപനവും അടച്ചുപൂട്ടി. സ്ഥാപനത്തിനെതിരെ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.ഉപഭോക്തൃ സംരക്ഷണവും വാണിജ്യ നിയമങ്ങളുടെ കർശന പാലനവും ഉറപ്പാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് പരിശോധനകൾ തുടരുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.



