കുവൈത്ത്സിറ്റി: പതിനഞ്ച് ദിവസം ജോലിക്ക് ഹാജരായില്ലെന്ന കാരണത്താൽ മുതിർന്ന ഇലക്ട്രോണിക്സ് ടെക്നീഷ്യയായ വനിതാ ജീവനക്കാരിയെ പിരിച്ചുവിട്ട കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി കോടതി റദ്ദാക്കി. ജീവനക്കാരിയെ അടിയന്തിരമായി ജോലിയിൽ തിരിച്ചെടുക്കാനും, അവർക്കുണ്ടായ മാനസിക-സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി അയ്യായിരം കുവൈറ്റ് ദിനാർ നൽകാനുമുള്ള കീഴ്ക്കോടതി വിധി കുവൈറ്റ് അപ്പീൽ കോടതി ശരിവെച്ചു. മന്ത്രാലയത്തിന്റെ അപ്രതീക്ഷിത നടപടിയിൽ ഞെട്ടിയ ജീവനക്കാരി പ്രമുഖ അഭിഭാഷകൻ മുഹമ്മദ് അൽ-സായിഗ് മുഖേനയാണ് കോടതിയെ സമീപിച്ചത്.
തന്റെ കക്ഷി ആരോപിക്കപ്പെടുന്ന കാലയളവിൽ കൃത്യമായി ജോലിയിൽ പ്രവേശിച്ചിരുന്നു എന്ന് അഭിഭാഷകൻ മുഹമ്മദ് അൽ-സായിഗ് കോടതിയിൽ തെളിവുകൾ സഹിതം ബോധിപ്പിച്ചു. ഇതേത്തുടർന്നാണ് പിരിച്ചുവിടൽ ഉത്തരവ് അസാധുവാക്കിക്കൊണ്ടുള്ള അന്തിമ വിധി കോടതി പുറപ്പെടുവിച്ചത്. വിധി വന്നതിന് പിന്നാലെ അന്യായമായ ഈ നടപടി മൂലം ജീവനക്കാരിക്കുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ ആരോഗ്യ മന്ത്രാലയം ഭീമമായ തുക നഷ്ടപരിഹാരം നൽകണമെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.



