മസ്‌കറ്റ്: മിഡിൽ ഈസ്റ്റിലെ യുദ്ധ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് മാസം മുതൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ എയർ പുനരാരംഭിക്കുന്നു. ജൂൺ 25 വ്യാഴാഴ്ച മുതൽ കുവൈത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ വീണ്ടും ആരംഭിക്കുമെന്ന് ഒമാൻ എയർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ന് പകരം താൽക്കാലികമായി ടെർമിനൽ 4 വഴിയായിരിക്കും ഒമാൻ എയർ വിമാനങ്ങൾ സർവീസ് നടത്തുകയെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ മാർച്ച് മാസത്തിന്റെ തുടക്കത്തിൽ മേഖലയിലെ യുദ്ധസമാനമായ അന്തരീക്ഷത്തെ തുടർന്ന് വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്നാണ് കുവൈത്ത് ഉൾപ്പെടെയുള്ള വിവിധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഒമാൻ എയർ നിർത്തിവെച്ചത്. യുഎസ്-ഇറാൻ ചർച്ചകളിലെ പുരോഗതിയും വെടിനിർത്തൽ ധാരണകളും വ്യോമഗതാഗത മേഖലയ്ക്ക് ആശ്വാസമാകുന്നതിന്റെ സൂചനയായാണ് സർവീസുകൾ പുനരാരംഭിക്കാനുള്ള ഈ പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.



