ബംഗ്ലാദേശ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിക്കാൻ ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളെ തുടർന്ന് വിസ വിതരണം നിർത്തിവച്ച് രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യയുടെ നിർണായക തീരുമാനം.ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേശ് ത്രിവേദിയാണ് ധാക്കയിലെ ജമുന ഫ്യൂച്ചർ പാർക്കിലുള്ള ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെൻ്ററിൽ (ഐവിഎസി) തീരുമാനം പ്രഖ്യാപിച്ചത്.
ജൂൺ 28 മുതൽ വിസ അപേക്ഷകൾ സമർപ്പിക്കാമെന്നും മാനുഷിക പരിഗണന നൽകി അടിയന്തര മെഡിക്കൽ വിസകൾ നൽകുന്നത് തുടരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധാക്കയിലെ ബംഗഭവനിൽ ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീന് ദിനേശ് ത്രിവേദി തൻ്റെ യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു.
തുടക്കത്തിൽ ധാക്ക, രാജ്ഷാഹി, ചിറ്റഗോങ്, സിൽഹെറ്റ്, ഖുൽന എന്നീ അഞ്ച് കേന്ദ്രങ്ങൾ വഴിയായിരിക്കും വിസകൾ നൽകുക. ഇന്ത്യൻ സർക്കാരിൻ്റെയും ജനങ്ങളുടെയും പേരിൽ ഹൈക്കമ്മിഷണർ ആശംസകൾ അറിയിക്കുന്നതായി ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ എക്സിൽ കുറിച്ചു. ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള ഇന്ത്യ-ബംഗ്ലാദേശ് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.



