കുവൈത്ത് സിറ്റി: രാജ്യത്തെ ജീവകാരുണ്യ-മാനവിക പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഡിജിറ്റൽ വൽക്കരിക്കാനുമുള്ള കുവൈത്ത് സർക്കാരിന്റെ ശ്രമങ്ങൾക്ക് വൻ വിജയമായി സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ ‘സെൻട്രൽ എയ്ഡ് പ്ലാറ്റ്‌ഫോം’. പ്ലാറ്റ്‌ഫോം ആരംഭിച്ച് ഏകദേശം ഒന്നര വർഷം പിന്നിടുമ്പോൾ, ഇതുവഴി ലഭിച്ച ആകെ സംഭാവനകൾ 36 മില്യൺ കുവൈത്ത് ദിനാർ കവിഞ്ഞതായി സാമൂഹിക ക്ഷേമ-വികസന കാര്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഈമാൻ അൽ-അൻസി അറിയിച്ചു. കുവൈത്ത് ടെലിവിഷന് നൽകിയ പ്രത്യേക പ്രസ്താവനയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ലഭിച്ച തുക മുഴുവൻ കുവൈത്തിനുള്ളിലെ ആഭ്യന്തര ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാത്രമാണ് വിനിയോഗിക്കുന്നത്. സഹായം ആവശ്യമുള്ള വിവിധ വിഭാഗങ്ങളിലേക്ക് കൃത്യമായി തുക എത്തിക്കാൻ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കുന്നുണ്ട്.സെൻട്രൽ എയ്ഡ് പ്ലാറ്റ്‌ഫോം വഴി സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ പരിശോധിച്ചാണ് അർഹരിലേക്ക് എത്തിക്കുന്നത്. ഓരോ അപേക്ഷയും അതിന്റെ സ്വഭാവമനുസരിച്ച് അതത് മേഖലകളിൽ വൈദഗ്ധ്യമുള്ള ചാരിറ്റബിൾ സൊസൈറ്റികൾക്ക് നേരിട്ട് കൈമാറുന്നു.
ഉദാഹരണത്തിന്, പാവപ്പെട്ട കുടുംബങ്ങളുടെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട അപേക്ഷകൾ ആ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും, ചികിത്സാ സഹായം ആവശ്യപ്പെട്ടുള്ള അപേക്ഷകൾ മെഡിക്കൽ രംഗത്ത് സജീവമായ സൊസൈറ്റികൾക്കുമാണ് കൈമാറുന്നത്. ഈ പുതിയ സംവിധാനം വഴി ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സുതാര്യത ഉറപ്പാക്കാനും സഹായ വിതരണത്തിലെ കാലതാമസം പൂർണ്ണമായി ഒഴിവാക്കാനും സാധിച്ചതായി ഈമാൻ അൽ-അൻസി കൂട്ടിച്ചേർത്തു.



