കുവൈറ്റ് സിറ്റി: കുവൈറ്റിലെ പരമ്പരാഗത ഫാൽക്കൺ നായാട്ട് (വേട്ടപ്പരുന്തുകളെ വളർത്തുന്ന വിനോദം) ചരിത്രത്തിൽ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ നേട്ടം. കുവൈറ്റിൽ ആദ്യമായി കൃത്രിമ ബീജസങ്കലന സാങ്കേതികവിദ്യയിലൂടെ വിജയകരമായി ഷഹീൻ ഫാൽക്കൺ (പെരെഗ്രിൻ ഫാൽക്കൺ) കുഞ്ഞിനെ വിരിയിച്ചെടുത്തു. വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കും ആസൂത്രിതമായ പദ്ധതികൾക്കുമൊടുവിലാണ് കുവൈറ്റി ഫാൽക്കണർമാർ ഈ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടത്. വെറുമൊരു പരുന്തിൻ കുഞ്ഞ് വിരിഞ്ഞതിലുപരി, വരുംതലമുറയ്ക്കുള്ള പ്രാദേശിക ഫാൽക്കൺ ഉൽപ്പാദനത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.
ഈ പദ്ധതിയുടെ സ്ഥാപകരിലൊരാളായ പ്രമുഖ ഫാൽക്കണർ സലേം അൽ-സഹ്‌ലൂൽ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. മറ്റു ഗൾഫ് രാജ്യങ്ങളിലെയും യൂറോപ്പിലെയും ഫാൽക്കൺ പ്രജനന ഫാമുകളുടെ പ്രവർത്തനങ്ങളെയും രീതികളെയും കുറിച്ച് വിശദമായി പഠിച്ച ശേഷം, ഏകദേശം 10 വർഷം മുൻപാണ് ഫാൽക്കണുകളെ പ്രാദേശികമായി വളർത്തിയെടുക്കുക എന്ന ആശയം ഉടലെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ രണ്ട് വർഷം മുൻപാണ് കൃത്രിമ ബീജസങ്കലന സാങ്കേതികവിദ്യ കുവൈറ്റിൽ പ്രായോഗികമായി നടപ്പിലാക്കാൻ തുടങ്ങിയത്.
കുവൈറ്റിലെ പ്രശസ്തമായ അൽ-സഹ്ലിയ സെന്ററിലാണ് ഈ ആദ്യത്തെ ഷഹീൻ ഫാൽക്കൺ കുഞ്ഞ് വിജയകരമായി പിറവിയെടുത്തതെന്ന് അൽ-സഹ്‌ലൂൽ വെളിപ്പെടുത്തി. പദ്ധതിയുടെ ഭാവി വലിയ പ്രതീക്ഷ നൽകുന്നതാണെന്നും, വരും വർഷങ്ങളിൽ ഈ സംരംഭം കൂടുതൽ വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിവർഷം 50 മുതൽ 60 വരെ മികച്ചയിനം പക്ഷികളെ ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം.
ഫാൽക്കൺ ഉൽപ്പാദനം എന്നത് കേവലമൊരു പ്രജനന പ്രക്രിയ മാത്രമല്ലെന്ന് പ്രമുഖ ഫാൽക്കണർ ഫഹദ് അൽ-അവാദി വ്യക്തമാക്കി. വേട്ടപ്പരുന്തുകളെ വളർത്തുന്നവരുടെയും വിനോദ മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെയും പ്രതീക്ഷകൾക്കൊത്തുയരുന്ന രീതിയിൽ, മികച്ച രക്തസാന്നിധ്യവും ജനിതക ഗുണങ്ങളുമുള്ള ഇനങ്ങളെ കൃത്യമായി തിരഞ്ഞെടുക്കുന്നതിലാണ് ഇതിന്റെ വിജയമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ ഈ നേട്ടം വലിയ പങ്കുവഹിക്കും.



