ചെന്നൈ: ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്ന തദ്ദേശനിർമിത സെമി ക്രയോജനിക് എൻജിൻ പരീക്ഷണത്തിൽ ഐ.എസ്.ആർ.ഒ. നിർണായക മുന്നേറ്റം കൈവരിച്ചു. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ നടത്തിയ പരീക്ഷണത്തിൽ എൻജിൻ നിർദിഷ്ട തള്ളൽബലത്തിന്റെ 88 ശതമാനം കൈവരിച്ചതായി ഐ.എസ്.ആർ.ഒ. ശനിയാഴ്ച അറിയിച്ചു.
അതിശീത ഇന്ധനവും അതിശീത ഓക്‌സീകാരകവും ഉപയോഗിക്കുന്ന ക്രയോജനിക് എൻജിനാണ് വലിയ വിക്ഷേപണവാഹനങ്ങളിൽ ഐ.എസ്.ആർ.ഒ. ഉപയോഗിക്കുന്നത്. അതിശീത ഇന്ധനത്തിനുപകരം സാധാരണ താപനിലയിലുള്ള ശുദ്ധീകരിച്ച മണ്ണെണ്ണ ഇന്ധനമായും ദ്രവീകൃത ഓക്‌സിജൻ ഓക്‌സീകാരകമായും ഉപയോഗിക്കുന്നതാണ് സെമി ക്രയോജനിക് എൻജിൻ. ക്രയോജനിക് എൻജിനെക്കാൾ ഭാരം വഹിക്കാനുള്ള ശേഷിയുണ്ടാവും സെമി ക്രയോജനിക് എൻജിനുകൾക്ക്.
പുതുതായി വികസിപ്പിച്ച എൻജിനിൽനിന്ന് 200 ടൺ തള്ളൽ ബലം (ത്രസ്റ്റ്) ആണ് പ്രതീക്ഷിക്കുന്നത്. നേരത്തേ നടത്തിയ പരീക്ഷണങ്ങളിൽ നിർദിഷ്ട ശേഷിയുടെ 47 ശതമാനവും 60 ശതമാനവുമാണ് കൈവരിച്ചിരുന്നത്. ബുധനാഴ്ച 175 ടൺ ത്രസ്റ്റ് ലഭിച്ചതോടെ ലക്ഷ്യത്തിന്റെ 88 ശതമാനം കൈവരിക്കാനായി. വൈകാതെ പൂർണശേഷിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു.റോക്കറ്റ് എൻജിന്റെ ത്രസ്റ്റ് ചേംബർ ഒഴികെയുള്ള ഭാഗങ്ങൾ ഘടിപ്പിച്ചായിരുന്നു ബുധനാഴ്ചത്തെ പരീക്ഷണം. മുഴുവൻഭാഗങ്ങളും യോജിപ്പിച്ചശേഷമുള്ള പരീക്ഷണം തുടർന്ന് നടക്കും. തുടർപരീക്ഷണങ്ങൾക്കുശേഷമാവും സെമി ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള റോക്കറ്റ് വിക്ഷേപണം.



