കുവൈത്ത്സിറ്റി: തങ്ങളുടെ പരമാധികാരത്തെയും ആകാശപരിധിയെയും വെല്ലുവിളിച്ചുകൊണ്ട് സിവിലിയൻ-പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ അന്താരാഷ്ട്ര വേദിയിൽ ശക്തമായി അപലപിച്ച് കുവൈറ്റ്.
അയൽരാജ്യമായ ബഹ്റൈന് നേരെയും ഇറാൻ നടത്തുന്ന സൈനിക അധിനിവേശം രാജ്യാന്തര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് കുവൈറ്റ് കുറ്റപ്പെടുത്തി. മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷാവസ്ഥ ചർച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് കുവൈറ്റ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ജൂൺ 28-ന് കുവൈറ്റിലെയും ബഹ്റൈനിലെയും വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരമാണ് യുഎൻ രക്ഷാസമിതി യോഗം ചേർന്നത്.
ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ കുവൈറ്റിന്റെ സ്ഥിരം പ്രതിനിധി കാര്യാലയത്തിലെ ചാർജ് ഡി അഫയേഴ്സ് മന്ത്രി ഫൈസൽ അൽ-അനസിയാണ് രാജ്യത്തിന്റെ ശക്തമായ പ്രതിഷേധം അറിയിച്ചത്. മേഖലയിൽ സമാധാനം നിലനിർത്താൻ ബാധ്യസ്ഥരായ യുഎൻ രക്ഷാസമിതി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ശാശ്വതമായി അവസാനിപ്പിക്കാൻ കർശനമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആക്രമണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഇറാന് മാത്രമാണെന്ന് വ്യക്തമാക്കിയ നയതന്ത്രജ്ഞൻ, മേഖലയിലെ ഒരു സൈനിക സമാധാന ലംഘനത്തിലും കുവൈറ്റ് ഇതുവരെ പങ്കാളിയായിട്ടില്ലെന്നും ഭാവിയിൽ ആകില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.
മറ്റൊരു രാജ്യത്തിനെതിരെയുള്ള ശത്രുതാപരമായ നീക്കങ്ങൾക്ക് തങ്ങളുടെ മണ്ണോ ആകാശത്തോ പ്രാദേശിക ജലാതിർത്തിയോ വിട്ടുനൽകില്ലെന്നത് കുവൈറ്റിന്റെ പ്രഖ്യാപിത നയമാണ്. നല്ല അയൽപക്ക ബന്ധങ്ങളിലും അന്താരാഷ്ട്ര നിയമങ്ങളിലുമുള്ള വിശ്വാസമാണ് കുവൈറ്റിനെ നയിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തതുമുതൽ കുവൈറ്റിന് നേരെ നൂറുകണക്കിന് മിസൈൽ-ഡ്രോൺ ആക്രമണങ്ങളാണ് ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
ഇത് രാജ്യത്ത് വലിയ തോതിലുള്ള ജീവഹാനിക്കും പരിക്കുകൾക്കും കാരണമായിട്ടുണ്ടെന്നും ജനവാസ മേഖലകൾക്കും തന്ത്രപ്രധാനമായ വ്യവസായ ശാലകൾക്കും കടുത്ത നാശനഷ്ടങ്ങൾ വരുത്തിവെച്ചിട്ടുണ്ടെന്നും കുവൈറ്റ് പ്രതിനിധി യുഎൻ രക്ഷാസമിതിയെ ബോധ്യപ്പെടുത്തി. തങ്ങളുടെ സുരക്ഷയും ജനങ്ങളുടെ ജീവനും അപകടത്തിലാക്കുന്ന ഇത്തരം ഭീഷണികളെ ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശമാണ് കുവൈറ്റ് ആഗോള സമൂഹത്തിന് മുന്നിൽ ഉയർത്തിയിരിക്കുന്നത്.



