കുവൈറ്റ് സിറ്റി : കുവൈറ്റിൽ കാർ, മോട്ടോർസൈക്കിൾ വാടക സേവനങ്ങൾ കൂടുതൽ നിയന്ത്രണവിധേയമാക്കാൻ ആഭ്യന്തര മന്ത്രാലയം പുതിയ ചട്ടങ്ങൾ നടപ്പാക്കി. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ-യൂസഫ് പുറത്തിറക്കിയ 2026-ലെ മന്ത്രിതല ഉത്തരവ് നമ്പർ 894 പ്രകാരമാണ് പുതിയ ഭേദഗതികൾ നിലവിൽ വന്നത്.പുതിയ ചട്ടപ്രകാരം, വാഹന വാടകയ്ക്ക് നൽകുമ്പോൾ അറബിയിലും ഇംഗ്ലീഷിലും ഉടമയും വാടകക്കാരനും തമ്മിൽ കരാർ തയ്യാറാക്കണം. ഇരുപാർട്ടികളും കരാറിന്റെ പേപ്പർ അല്ലെങ്കിൽ ഇലക്ട്രോണിക് പകർപ്പ് കൈവശം സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാൽ അധികൃതർക്ക് ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വാടക കമ്പനികൾ വാടകക്കാരുടെയും വാഹനം ഓടിക്കുന്നവരുടെയും പേര്, ദേശീയത, വിലാസം, ഫോൺ നമ്പർ, ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ, വാടക കാലാവധി തുടങ്ങിയ വിവരങ്ങൾ ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് അംഗീകരിച്ച രേഖകളിൽ സൂക്ഷിക്കണം. വാടകക്കാരൻ ഒരു സ്ഥാപനം ആണെങ്കിൽ അതിന്റെ നിയമ പ്രതിനിധിയുടെ വിവരങ്ങളും രേഖപ്പെടുത്തണം.
ഡ്രൈവറോടുകൂടിയ വാടക വാഹനങ്ങളിൽ ക്യാമറ (Internal Camera) സ്ഥാപിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ആവശ്യപ്പെട്ടാൽ ക്യാമറയിലെ വിവരങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറണമെന്നും ചട്ടത്തിൽ പറയുന്നു.
വാഹനങ്ങളുടെ കാലപ്പഴക്കവും നിശ്ചയിച്ചു: മോട്ടോർസൈക്കിളുകൾ: ലൈസൻസ് ലഭിക്കുമ്പോൾ പരമാവധി 3 വർഷം പഴക്കമാകാം; വാടക സേവനത്തിൽ 6 വർഷം വരെ മാത്രമേ ഉപയോഗിക്കാനാകൂ.
സ്വകാര്യ കാറുകൾ, ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ, 14 യാത്രക്കാരുവരെ കയറുന്ന മിനിബസുകൾ: ലൈസൻസ് സമയത്ത് പരമാവധി 3 വർഷം പഴക്കം; വാടക സേവനത്തിന് 8 വർഷം വരെ മാത്രം.
മീഡിയം ട്രക്കുകൾ, ഹെവി വാഹനങ്ങൾ, 15-ൽ കൂടുതൽ യാത്രക്കാരുള്ള ബസുകൾ: ലൈസൻസ് സമയത്ത് 5 വർഷം പഴക്കം കവിയരുത്; വാടക സേവനത്തിൽ 15 വർഷം വരെ ഉപയോഗിക്കാം.
എല്ലാ വാടക വാഹനങ്ങൾക്കും സമ്പൂർണ ഇൻഷുറൻസ് (Comprehensive Insurance) നിർബന്ധമാക്കിയിട്ടുണ്ട്.
പ്രവർത്തനകാലം മുഴുവൻ ഇൻഷുറൻസ് സാധുവായിരിക്കണമെന്നും വർഷംതോറും പുതുക്കണമെന്നും വാഹനത്തിന്റെ ഉടമസ്ഥാവകാശ രേഖയിൽ അത് വാടക വാഹനമാണെന്ന് രേഖപ്പെടുത്തണമെന്നും ചട്ടം വ്യക്തമാക്കുന്നു.നിലവിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പുതിയ ചട്ടങ്ങൾ പാലിച്ച് പ്രവർത്തനം ക്രമീകരിക്കാൻ മൂന്ന് മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ ഉത്തരവ് പ്രാബല്യത്തിൽ വന്നു.



