കുവൈറ്റ് സിറ്റി: രാജ്യത്ത് കടബാധ്യതയുള്ളവർക്കെതിരെയുള്ള യാത്രാ വിലക്ക് ഉത്തരവുകൾ പുറപ്പെടുവിക്കുന്ന നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിനായി സിവിൽ ആൻഡ് കൊമേഴ്സ്യൽ പ്രൊസീജിയർ നിയമത്തിൽ കുവൈറ്റ് ഭേദഗതി വരുത്തി. യാത്രാ വിലക്ക് അപേക്ഷകൾ പരിശോധിച്ച് അനുമതി നൽകാൻ അധികാരമുള്ള ജഡ്ജിമാരുടെ പരിധി വിപുലീകരിച്ചുകൊണ്ടാണ് പുതിയ ഭേദഗതി. ഇതനുസരിച്ചുള്ള 2026-ലെ ഡിക്രി-ലോ നമ്പർ 68 ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽയൗമിൽ’ പ്രസിദ്ധീകരിച്ചു.1980-ലെ ഡിക്രി-ലോ നമ്പർ 38 പ്രകാരം നിലവിലുള്ള സിവിൽ ആൻഡ് കൊമേഴ്സ്യൽ പ്രൊസീജിയർ നിയമത്തിലെ ആർട്ടിക്കിൾ 297-ന്റെ ഒന്നാം ഖണ്ഡികയിലാണ് സർക്കാർ ഭേദഗതി വരുത്തിയത്. നിയമത്തിലെ പഴയ വാചകങ്ങൾക്ക് പകരം “കോടതിയിലുള്ള ആർക്കും” എന്ന രീതിയിലാണ് പുതിയ മാറ്റം.
ഇതോടെ, യാത്രാ വിലക്ക് ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള അധികാരം ഒരു പ്രത്യേക ജുഡീഷ്യൽ പദവിയിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്താതെ, കോടതിയുടെ ജനറൽ അസംബ്ലി തിരഞ്ഞെടുക്കുന്ന ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലെ യോഗ്യരായ ജഡ്ജിമാർക്ക് കൈമാറാൻ സാധിക്കും.കടക്കാർക്കെതിരെ യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളുമാണ് ആർട്ടിക്കിൾ 297 പ്രതിപാദിക്കുന്നത്. മുൻപ് എക്സിക്യൂഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർക്കും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലെ ഡെപ്യൂട്ടി ജഡ്ജിമാർക്കും മാത്രമായിരുന്നു ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാൻ അധികാരമുണ്ടായിരുന്നത്.
എന്നാൽ യാത്രാ വിലക്കിനായുള്ള അപേക്ഷകളുടെ എണ്ണം വർദ്ധിച്ചതും ഡെപ്യൂട്ടി ജഡ്ജി റാങ്കിലുള്ളവരുടെ കുറവും കാരണം പലപ്പോഴും തീരുമാനങ്ങൾ എടുക്കുന്നതിൽ വലിയ കാലതാമസമുണ്ടായതായി വിശദീകരണ കുറിപ്പിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു. ചില സാഹചര്യങ്ങളിൽ ഈ റാങ്കിലുള്ള ജഡ്ജിമാർ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.പുതിയ നിയമഭേദഗതി നിലവിൽ വന്നതോടെ, അപേക്ഷകൾ സമർപ്പിച്ചാലുടൻ തന്നെ അവയിൽ അടിയന്തിരമായി തീർപ്പുകൽപ്പിക്കാൻ സാധിക്കുമെന്നും യാത്രാ വിലക്ക് നടപടികൾ കൂടുതൽ കാര്യക്ഷമമാകുമെന്നും അധികൃതർ വ്യക്തമാക്കി.



