കുവൈറ്റ് സിറ്റി: പൊതുശുചിത്വം ഉറപ്പുവരുത്തുന്നതിനും റോഡ് കൈയേറ്റങ്ങൾ തടയുന്നതിനുമായി കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ അഹമ്മദി ഗവർണറേറ്റ് ശാഖ ജൂൺ മാസത്തിൽ നടത്തിയ വിപുലമായ പരിശോധനകളിൽ 257 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുകയും 211 നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.
പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്യുപ്പൻസി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന ഈ തീവ്ര പരിശോധനാ കാമ്പയിൻ, പൊതുശുചിത്വത്തെ ബാധിക്കുന്നതും ഗതാഗത തടസ്സം സൃഷ്ടിക്കുന്നതുമായ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, ബോട്ടുകൾ, സ്ക്രാപ്പ് സാമഗ്രികൾ, അനധികൃത തെരുവ് കച്ചവടക്കാർ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു.പ്രദേശത്തെ ഇത്തരം തെറ്റായ പ്രവണതകൾ ഇല്ലാതാക്കാനും ശുചിത്വം മെച്ചപ്പെടുത്താനും ഗവർണറേറ്റിന്റെ മനോഹാരിത നിലനിർത്താനുമാണ് ഫീൽഡ് പരിശോധനകൾ ശക്തമാക്കിയതെന്ന് അൽ-അഹമ്മദി മുനിസിപ്പാലിറ്റി ബ്രാഞ്ച് ആക്ടിംഗ് ഡയറക്ടർ സാദ് അൽ-ഖുറൈഞ്ച് വ്യക്തമാക്കി.
നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിൽ മുനിസിപ്പാലിറ്റി യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു മാസത്തിനിടെ 12 മൊബൈൽ വണ്ടികളും പരിശോധനാ സംഘം നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ, നിയമപരമായ നോട്ടീസ് കാലാവധിക്ക് ശേഷം നീക്കം ചെയ്യുന്നതിന്റെ ഭാഗമായി റോഡരികിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 1,983 വാഹനങ്ങളിലും ബോട്ടുകളിലും അധികൃതർ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിക്കുകയും ചെയ്തു.



