കുവൈത്ത് സിറ്റി: സബ്സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നതിനുള്ള യോഗ്യത പുനർനിർണ്ണയിച്ചും റേഷൻ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ വ്യവസ്ഥ ചെയ്തും കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഉസാമ ബുദായ് പുതിയ ഉത്തരവ് (നമ്പർ 154/2026) പുറപ്പെടുവിച്ചു.
പുതിയ ഉത്തരവ് പ്രകാരം സബ്സിഡി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ കുവൈത്ത് പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പം ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്കും മാത്രമായി പരിമിതപ്പെടുത്തി. 2014-ലെ 216-ാം നമ്പർ മന്ത്രാലയ ഉത്തരവിലെ ആർട്ടിക്കിൾ 5, ക്ലോസ് 1 ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. പുതിയ പട്ടികയിൽ ഉൾപ്പെടാത്ത മറ്റ് വിഭാഗങ്ങൾക്ക് ഇനി മുതൽ റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട മുൻകാല ഉത്തരവുകളെല്ലാം റദ്ദാക്കി. സബ്സിഡി സംവിധാനത്തിന്റെ ദുരുപയോഗവും കരിഞ്ചന്തയും തടയുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയത്തിന്റെ ഈ കടുത്ത നീക്കം.
റേഷൻ സാധനങ്ങൾ മറിച്ചുവിൽക്കുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ ബന്ധപ്പെട്ടവരുടെ റേഷൻ കാർഡ് ആനുകൂല്യങ്ങൾ ഉടനടി റദ്ദാക്കും. കൂടാതെ നിയമലംഘനം നടത്തുന്നവരെ നിയമനടപടികൾക്കായി ജുഡീഷ്യൽ വിഭാഗങ്ങൾക്ക് കൈമാറുമെന്നും മന്ത്രാലയം വ്യക്തമാക്കി. 2026 ജൂലൈ 27 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. പുതിയ നിയമം നടപ്പിലാക്കാൻ ബന്ധപ്പെട്ട എല്ലാ സർക്കാർ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.



