കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനും വിപണിയിലെ കുത്തകകൾ അവസാനിപ്പിക്കുന്നതിനുമായി ആവിഷ്കരിച്ച ‘നാഷണൽ കോംപറ്റീഷൻ പോളിസി’ പദ്ധതിയുടെ 96 ശതമാനം ജോലികളും പൂർത്തിയായതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. 8.6 മില്യൺ കുവൈറ്റി ദീനാർ ആകെ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ അന്തിമരൂപം ഈ വർഷം തന്നെ പൂർണ്ണമായി നടപ്പിലാക്കും.
നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളിൽ മുൻകാലങ്ങളിൽ ഉണ്ടായ കുറവ് പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിദേശ മൂലധനത്തിന്റെ വരവിനെ തടസ്സപ്പെടുത്തുകയും സ്വതന്ത്ര മത്സര അന്തരീക്ഷത്തെ ബാധിക്കുകയും ചെയ്തിരുന്ന കുത്തക നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പദ്ധതിയിലൂടെ സാധിക്കും.
ഇത് സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങൾ പ്രകാരം:
വ്യാപാര പ്രോത്സാഹനം: ബിസിനസ്സ് ഉടമകൾക്ക് കൂടുതൽ പ്രോത്സാഹനങ്ങൾ നൽകാനും വിപണി ഭരണം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കും.
രാജ്യാന്തര നിലവാരം: കുവൈറ്റ് വിപണിയുടെ ഘടനയെക്കുറിച്ചുള്ള വിശദമായ പഠനങ്ങൾക്ക് ശേഷമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി നിയമങ്ങളും ഗവൺമെന്റ് നടപടിക്രമങ്ങളും പരിഷ്കരിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
സാമ്പത്തിക വളർച്ച: കുവൈറ്റിന്റെ ആഗോള മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക സാമ്പത്തിക വികസനം വേഗത്തിലാക്കുന്നതിനും ഈ നിയമനിർമ്മാണങ്ങൾ വഴിയൊരുക്കും.



