കുവൈത്ത്സിറ്റി: വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിലെ 19 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഉത്തരവിട്ടു. ആക്ടിംഗ് ഡയറക്ടർ ജനറൽ ഷുൽമാൻ അൽ-ജുഹൈലിയാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്.ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, ജഹ്റ ഹാൻഡിക്രാഫ്റ്റ് ഏരിയ എക്സ്പാൻഷൻ, സൗത്ത് ഉം ഖുറ, മിർഖാബ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലെ പ്ലോട്ടുകൾക്കെതിരെയാണ് നടപടി.
കരാറിന്റെയോ ലൈസൻസിന്റെയോ കാലാവധി അവസാനിച്ചത്, അപകടകരമായ വസ്തുക്കൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചത്, അഗ്നിശമന ഉപകരണങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തിയത്, പരിശോധനാ സംഘം എത്തിയപ്പോൾ പ്ലോട്ട് അടച്ചിട്ടത്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത തൊഴിലാളി താമസകേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചത്, ലൈസൻസില്ലാതെ പ്രവർത്തനങ്ങൾ നടത്തിയത് തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
തീരുമാനം ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗം’പ്രസിദ്ധീകരിച്ചു. അടച്ചുപൂട്ടിയ തീയതി മുതൽ ഒരു മാസത്തിനകം നിയമലംഘനങ്ങൾ പരിഹരിക്കാൻ പ്ലോട്ട് ഉടമകൾക്ക് സമയം അനുവദിച്ചിട്ടുണ്ട്.നിശ്ചിത സമയത്തിനുള്ളിൽ നിയമലംഘനങ്ങൾ പരിഹരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കൂടുതൽ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



