കുവൈറ്റ് സിറ്റി: വരും ദിവസങ്ങളിലും രാജ്യത്ത് അന്തരീക്ഷ ഈർപ്പം ഉയർന്ന നിലയിൽ തന്നെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസാ റമദാൻ അറിയിച്ചു. വേനൽക്കാലത്തെ കടുത്ത ചൂടിനൊപ്പം ഉയർന്ന ഈർപ്പവും ചേരുന്നത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കും. കാലാവസ്ഥാ മാറ്റങ്ങളിലെ ‘മർസാം’ ഘട്ടം അവസാനിക്കാൻ ഇനി 3 ദിവസങ്ങൾ കൂടി ബാക്കിയുണ്ട്. ഇതിന് ശേഷം 13 ദിവസം നീണ്ടുനിൽക്കുന്ന ‘അൽ-കുലൈതൈൻ’ ഘട്ടത്തിലേക്ക് രാജ്യം കടക്കും.
ചൊവ്വാഴ്ച അന്തരീക്ഷ ഈർപ്പത്തിൽ നേരിയ കുറവ് രേഖപ്പെടുത്തുമെങ്കിലും ബുധനാഴ്ച വൈകുന്നേരത്തോടെ വീണ്ടും ഉയരുകയും വരുന്ന ശനിയാഴ്ച വരെ ഇത് തുടരുകയും ചെയ്യുമെന്ന് ഈസാ റമദാൻ പറഞ്ഞു.ഉയർന്ന ഈർപ്പം കാരണം രാത്രികാലങ്ങളിലും പ്രഭാത സമയങ്ങളിലും പുകമഞ്ഞോ മൂടൽമഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ദുരക്കാഴ്ചയെ ബാധിക്കും. കൂടാതെ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷത്തിനും സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



