കുവൈത്ത് സിറ്റി, ഓഗസ്റ്റ് 12: രാജ്യത്തെ ഒരു സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള ഐഎസ് ഭീകരസംഘടനയുമായി ബന്ധപ്പെട്ട പദ്ധതി കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് തകർത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു കുവൈത്തി പൗരനെ അറസ്റ്റ് ചെയ്തു.സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തിന്റെ കർശന നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് ആക്രമണം നടത്തുന്നതിന് മുമ്പ് പ്രതിയെ പിടികൂടിയത്.
അന്വേഷണത്തിൽ പ്രതി നേരത്തെ ഐഎസിൽ ചേർന്നിരുന്നതായും സ്ഫോടകവസ്തുക്കളുടെയും ഡ്രോണുകളുടെയും നിർമ്മാണത്തിൽ പരിശീലനം നേടിയിരുന്നതായും കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി.കുവൈത്തിലെ ഒരു സുപ്രധാന കേന്ദ്രം ആക്രമിക്കാൻ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി ഡ്രോൺ നിർമ്മിച്ചിരുന്നതായും അധികൃതർ കണ്ടെത്തി. എന്നാൽ ലക്ഷ്യമിട്ട കേന്ദ്രം ഏതാണെന്നത് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഭീകരപ്രവർത്തനങ്ങളും പദ്ധതികളും കണ്ടെത്തി തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദേശീയ സുരക്ഷ അപകടത്തിലാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.



