കുവൈറ്റ് സിറ്റി: ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ക്യാപിറ്റൽ ഗവർണറേറ്റിലെ സഹകരണ സംഘങ്ങൾക്കും അനുബന്ധ വാണിജ്യ സ്ഥാപനങ്ങൾക്കുമെതിരെ കുവൈറ്റ് വാണിജ്യ-ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഏഴ് എൻഫോഴ്സ്മെന്റ് റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തു.വകുപ്പിന് കീഴിലുള്ള ക്യാപിറ്റൽ ഇൻസ്പെക്ഷൻ സൂപ്പർവിഷൻ ടീം നടത്തിയ വ്യാപക പരിശോധനയിലാണ് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയത്.
ഉൽപ്പന്നങ്ങളുടെ വില വ്യക്തമായി പ്രദർശിപ്പിക്കാതിരിക്കുക, സാധനങ്ങൾ മാറ്റി വാങ്ങുന്നതിനും തിരിച്ചെടുക്കുന്നതിനുമുള്ള നിബന്ധനകൾ വ്യക്തമാക്കുന്ന പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഉൽപ്പന്നങ്ങൾ നിർമ്മിച്ച രാജ്യം വ്യക്തമാക്കുന്ന ലേബലുകൾ ഒട്ടിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. പരിശോധനയെ തുടർന്ന് വീഴ്ച വരുത്തിയ 7 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയെടുക്കാൻ റിപ്പോർട്ട് തയ്യാറാക്കി.



