ഡൽഹി : ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച വാർഷിക ആഘോഷച്ചടങ്ങുകളിൽ പങ്കെടുത്ത കുവൈറ്റ് അംബാസഡർ മിഷാൽ അൽ ഷെമാലി, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സൗഹൃദത്തിന്റെ ആഴവും കരുത്തും വീണ്ടും വ്യക്തമാക്കി.ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അംബാസഡർ ചടങ്ങിൽ സംബന്ധിച്ചത്.
മുതിർന്ന ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർ, നയതന്ത്ര പ്രതിനിധികൾ, പ്രമുഖ വ്യവസായ-സാംസ്കാരിക-സാമൂഹിക രംഗത്തെ വ്യക്തിത്വങ്ങൾ എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു.ഇന്ത്യൻ ഭരണകൂടത്തിനും ജനങ്ങൾക്കും തന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന അംബാസഡർ, സ്വാതന്ത്ര്യത്തിലേക്കും പുരോഗതിയിലേക്കുമുള്ള ഇന്ത്യയുടെ പ്രയാണത്തെയും പതിറ്റാണ്ടുകളായി രാജ്യം കാത്തുസൂക്ഷിക്കുന്ന ബഹുസ്വരതയെയും വാനോളം പുകഴ്ത്തി.
1960-കളുടെ തുടക്കത്തിൽ ഔദ്യോഗികമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനും വളരെ മുമ്പ് തന്നെ ഇരു രാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന ശക്തമായ വ്യാപാര, സാംസ്കാരിക, മാനുഷിക ബന്ധങ്ങളെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു. ചരിത്രപരമായ ഈ ഉഭയകക്ഷി സൗഹൃദം നിലവിൽ രാഷ്ട്രീയം, സാമ്പത്തികം, നിക്ഷേപം എന്നീ മേഖലകളിലും പരസ്പര സഹകരണത്തോടെ ശക്തമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



