കുവൈറ്റ് സിറ്റി: കുവൈറ്റ് നീതിന്യായ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, അപ്പീൽ കോടതിയിൽ കെട്ടിക്കിടന്ന കേസുകൾ തീർപ്പാക്കുന്നതിൽ വൻ പുരോഗതി. 2026 ജൂൺ മാസത്തിൽ കോടതിക്ക് മുന്നിലെത്തിയ 5,983 പെൻഡിംഗ് കേസുകളിൽ 5,030 എണ്ണത്തിലും വിധി പ്രസ്താവിച്ചു. അതായത് ആകെ കേസുകളുടെ 84.1 ശതമാനവും കോടതി തീർപ്പാക്കി. ജൂണിൽ മാത്രം 3,724 പുതിയ കേസുകളാണ് അപ്പീൽ കോടതിയിൽ ഫയൽ ചെയ്തത്.പുതിയ കേസുകളിൽ സിംഹഭാഗവും തലസ്ഥാന ഗവർണറേറ്റിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്; ആകെ കേസുകളുടെ 70.6 ശതമാനം വരുന്ന 2,631 കേസുകൾ. ഫർവാനിയ ഗവർണറേറ്റ് (20.8%), അഹമ്മദി (3.8%), ഹവല്ലി (3.1%), ജഹ്റ (0.9%), ഫിനാൻഷ്യൽ മാർക്കറ്റ്സ് കോർട്ട് (0.7%) എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ കേസുകളുടെ കണക്ക്.
ആകെ കെട്ടിക്കിടക്കുന്ന കേസുകളിൽ 72.9 ശതമാനവും (4,359 കേസുകൾ) തലസ്ഥാന ഗവർണറേറ്റിന് കീഴിലാണ്. ഇതിന് പിന്നാലെ ഫർവാനിയ (18.2%), ഹവല്ലി (4.2%), അഹമ്മദി (3.3%), ഫിനാൻഷ്യൽ മാർക്കറ്റ്സ് കോർട്ട് (0.8%), ജഹ്റ (0.6%) എന്നീ ക്രമത്തിലും കേസുകൾ നിലനിൽക്കുന്നു.കേസുകൾ വിചാരണ ചെയ്ത് വിധി പ്രസ്താവിക്കുന്നതിലും തലസ്ഥാന ഗവർണറേറ്റ് തന്നെയാണ് മുന്നിൽ; ആകെ തീർപ്പാക്കിയ കേസുകളിൽ 3,419 എണ്ണം (68%) ഇവിടെ നിന്നാണ്. ഫർവാനിയ (22.8%), അഹമ്മദി (4.6%), ഹവല്ലി (3.1%), ഫിനാൻഷ്യൽ മാർക്കറ്റ്സ് കോർട്ട് (0.9%), ജഹ്റ (0.6%) എന്നിങ്ങനെയാണ് വിധി പ്രസ്താവിച്ച മറ്റ് കേസുകളുടെ നിരക്ക്.
അതേസമയം, കേസുകൾ തീർപ്പാക്കുന്നതിലെ വേഗതയിൽ അഹമ്മദി കോടതിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 116.7 ശതമാനം പൂർത്തീകരണ നിരക്കാണ് അഹമ്മദി രേഖപ്പെടുത്തിയത്. ഫർവാനിയ (105%), ഫിനാൻഷ്യൽ മാർക്കറ്റ്സ് കോർട്ട് (92%), ജഹ്റ (88.2%), ക്യാപിറ്റൽ (78.4%), ഹവല്ലി (62.9%) എന്നിങ്ങനെയാണ് മറ്റ് കോടതികളുടെ പൂർത്തീകരണ നിരക്ക്.



