കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായി ചമഞ്ഞ് വിദേശ വനിതകളെ തട്ടിപ്പിനിരയാക്കിയ 45-കാരനായ പാകിസ്താൻ സ്വദേശിയെ കുവൈറ്റ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു.
അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളെയാണ് ഇയാൾ പ്രധാനമായും തട്ടിപ്പിന് ഇരയാക്കിയിരുന്നത്.തയ്യൽക്കാരനായി ജോലി ചെയ്തിരുന്ന ഇയാൾ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച്, ഔദ്യോഗിക ഇടപാടുകൾ വേഗത്തിലാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. കുവൈറ്റി പ്രാദേശിക ഭാഷാശൈലി വശമാക്കിയ ഇയാൾ, ഇരകളുടെ വിശ്വാസം ആർജ്ജിക്കാൻ പലപ്പോഴും പൊലീസ് യൂണിഫോം ധരിച്ചാണ് ഇവരെ സമീപിച്ചിരുന്നത്.
ഇതിനായി സ്വന്തമായി തുന്നിച്ചേർത്ത പൊലീസ് യൂണിഫോമും കേണൽ പദവിയുടെ വ്യാജ ബാഡ്ജും ചിഹ്നങ്ങളും ഇയാൾ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.പബ്ലിക് പ്രോസിക്യൂഷന്റെ വാറന്റോടെ പ്രതിയുടെ വസതിയിൽ തിരച്ചിൽ നടത്തിയ ഡിറ്റക്ടീവുകൾ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളുടെ വീട്ടിൽ നിന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ ജീവനക്കാരുടെ വ്യാജ ബാഡ്ജും യൂണിഫോമും വ്യാജ ചിഹ്നങ്ങളും പോലീസ് സംഘം പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാൾക്കെതിരെ കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണ്. തട്ടിപ്പിനിരയായ മറ്റ് ആളുകളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണവും അധികൃതർ ശക്തമാക്കിയിട്ടുണ്ട്.



