കുവൈത്ത്സിറ്റി: കുവൈത്തിലെ ഖുറൈൻ മാർക്കറ്റ്സ് മേഖലയിലുള്ള ഭക്ഷ്യവസ്തു വിൽപ്പന കേന്ദ്രങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ മറ്റ് സർക്കാർ ഏജൻസികളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി. മേ
ഖലയിലെ 35 ഭക്ഷ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ 16 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന, സാധുവായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുക, ശുചിത്വ-ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, ആവശ്യമായ ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാതെ ജീവനക്കാർ ജോലി ചെയ്യുക എന്നിവയുൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് അതോറിറ്റി കണ്ടെത്തിയത്.
പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകളും നിയന്ത്രണങ്ങളും ശക്തമായി തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.



