കുവൈറ്റ് സിറ്റി: മുത്‌ല മേഖലയിൽ വെച്ച് ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട പ്രതിയുടെ അപ്പീൽ ഹർജിയിൽ കുവൈറ്റ് ക്രിമിനൽ അപ്പീൽ കോടതി വിധി പറയാൻ മാറ്റി. വരുന്ന സെപ്റ്റംബർ 23-ന് കോടതി വിധി പ്രഖ്യാപിക്കും.
കേസിന്റെ വാദത്തിനിടയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അബ്ദുൽമുഹ്‌സിൻ അൽ-ഖത്താൻ നിർണായക വാദങ്ങൾ ഉന്നയിച്ചു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെന്ന വാദം വ്യാജമാണെന്നും, ഫൊറൻസിക് റിപ്പോർട്ടും പ്രതിക്ക് നടത്തിയ വൈദ്യപരിശോധനകളും പ്രകാരം ഇയാൾ രോഗം അഭിനയിക്കുകയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
പ്രതിയുടെ ആരോഗ്യനില സംബന്ധിച്ച അവകാശവാദങ്ങൾ ഇതിലൂടെ പൂർണ്ണമായും തള്ളിക്കളയപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.യഥാർത്ഥ വിധി ശരിവെച്ചുകൊണ്ട് പ്രതിക്ക് നൽകിയ വധശിക്ഷ നിലനിർത്തണമെന്ന് ഇരയുടെ കുടുംബത്തിന്റെ നിയമോപദേശക സംഘം കോടതിയിൽ ആവശ്യപ്പെട്ടു. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കീഴ്ക്കോടതി വധശിക്ഷ വിധിച്ചത്.



