കുവൈത്ത് സിറ്റി, സെപ്റ്റംബർ 14: ഖൈത്താൻ പ്രദേശത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ട്രാൻസ്‌ഫോർമറിന്റെ പൂട്ട് തകർത്ത് 12 ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചു. മോഷ്ടിക്കപ്പെട്ട കേബിളുകൾക്ക് ഏകദേശം 2,940 കുവൈത്ത് ദിനാർ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.
മന്ത്രാലയ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ട്രാൻസ്‌ഫോർമറിന്റെ സുരക്ഷാ പൂട്ട് തകർത്ത നിലയിലും കേബിളുകൾ കാണാതായതായും കണ്ടെത്തിയത്.സംഭവത്തിൽ മോഷണക്കേസ് രജിസ്റ്റർ ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതിയെ കണ്ടെത്തുന്നതിനായി വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു.



