കുവൈറ്റ് സിറ്റി: ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷന്റെ അഹ്മദി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഭക്ഷ്യ സ്ഥാപനങ്ങളിൽ നടത്തിയ പതിവ് പരിശോധനകളിലാണ് ചട്ടങ്ങൾ ലംഘിച്ച കണ്ടെത്തിയ വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചത്.
പരിശോധനയിൽ ഉപയോഗശൂന്യമായ 500 കിലോഗ്രാം മത്സ്യവും, മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് 25 കിലോഗ്രാം ഭക്ഷ്യ വസ്തുക്കളുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇൻസ്പെക്ടർമാർ ഏഴ് ലംഘന റിപ്പോർട്ടുകളും പുറത്തിറക്കി. കാലഹരണപ്പെട്ട ആരോഗ്യ ലൈസൻസോടെ സ്ഥാപനം പ്രവർത്തിപ്പിക്കുക, സ്ഥാപനത്തിന് മുന്നിൽ ഭക്ഷ്യ വസ്തുക്കൾ പ്രദർശിപ്പിക്കുക, ലൈസൻസുള്ള പരിധിക്കപ്പുറം അധിക സ്ഥലങ്ങൾ ഉപയോഗിക്കുക, പൊതുവായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, അംഗീകൃത നിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കൾ വിൽപനയ്ക്കായി പ്രദർശിപ്പിക്കുക, അതോറിറ്റി അംഗീകരിച്ച കാർഡുകളിലെ വിവരങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ, ആരോഗ്യ നിബന്ധനകൾ പാലിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അധികൃതർ കണ്ടെത്തിയത്. ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ചവർക്കെതിരെ ബാധകമായ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.



