കുവൈറ്റ് സിറ്റി: മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കായി ഔദ്യോഗിക വസ്ത്രധാരണ ചട്ടങ്ങളും മാനദണ്ഡങ്ങളും പ്രഖ്യാപിച്ച് ധനകാര്യ മന്ത്രാലയം. ഇത് സംബന്ധിച്ച 2026-ലെ ഭരണപരമായ സർക്കുലർ മന്ത്രാലയം പുറത്തിറക്കി. പുരുഷ-വനിതാ ജീവനക്കാർ അംഗീകൃത രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും തൊഴിൽ അന്തരീക്ഷത്തിന് നിരക്കാത്തവ ഒഴിവാക്കണമെന്നും, ചട്ടങ്ങൾ ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
സെപ്റ്റംബർ 20-ന് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, പുരുഷ ജീവനക്കാർക്ക് ദേശീയ വസ്ത്രമായ ‘ദിഷ്ദാഷ’ അല്ലെങ്കിൽ ഫോർമൽ സ്യൂട്ടുകൾ ഔദ്യോഗിക വസ്ത്രമായി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള സാങ്കേതിക മേഖലയിലുള്ള ജീവനക്കാർക്ക് ജോലിയുടെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ ട്രൗസറും ടി-ഷർട്ടും അല്ലെങ്കിൽ നിർദ്ദിഷ്ട യൂണിഫോമും ധരിക്കാൻ അനുമതിയുണ്ട്.
വനിതാ ജീവനക്കാർ ശാന്തവും ഔദ്യോഗികവുമായ നിറങ്ങളിലുള്ള അബായയും ഷെയ്ലയും ധരിക്കണം. അതോടൊപ്പം മിതമായ നീളമുള്ള (മുട്ടിന് താഴെ) വിസ്തൃതമായ സ്കർട്ട്, ഡ്രസ്സ്, പ്രൊഫഷണൽ രീതിയിലുള്ള ജാക്കറ്റുകൾ, ഷർട്ടുകൾ എന്നിവ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഔദ്യോഗിക അന്തരീക്ഷത്തിന് അനുയോജ്യമായ രീതിയിൽ ആഭരണങ്ങളുടെയും മേക്കപ്പിന്റെയും ഉപയോഗം മിതപ്പെടുത്തണമെന്നും സർക്കുലറിൽ കൃത്യമായി നിർദ്ദേശിക്കുന്നു.



