കുവൈത്ത് സിറ്റി, സെപ്റ്റംബർ 24: കുവൈത്തിലെ ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ ഹൃദയചികിത്സാ രംഗത്ത് പുതിയ നേട്ടം. കഴുത്തിലെ കരോട്ടിഡ് ധമനിയിലൂടെ കത്തീറ്റർ കടത്തി ഹൃദയത്തിലെ അയോർട്ടിക് വാൽവ് മാറ്റിവെക്കുന്ന സങ്കീർണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.മിഡിൽ ഈസ്റ്റിൽ ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയയാണിതെന്ന് അൽ ജരീദ റിപ്പോർട്ട് ചെയ്തു. جريدة الجريدة الكويتيةഗുരുതരമായ അയോർട്ടിക് വാൽവ് ചുരുങ്ങൽ, ഹൃദയപേശികളുടെ ബലഹീനത, വൃക്കകളുടെ പ്രവർത്തനത്തകരാർ, കാലുകളിലെ രക്തധമനികളിൽ തടസ്സം എന്നിവ അനുഭവിച്ചിരുന്ന അറുപതുകളിലുള്ള കുവൈത്ത് പൗരനാണ് ശസ്ത്രക്രിയ നടത്തിയത്.
രോഗിയുടെ ആരോഗ്യസ്ഥിതി കാരണം സാധാരണ രീതിയിൽ തുടയിലെ ധമനിയിലൂടെ കത്തീറ്റർ കടത്താനോ ഓപ്പൺ ഹാർട്ട് സർജറി നടത്താനോ സാധിക്കാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ പുതിയ മാർഗം സ്വീകരിച്ചത്.Transcarotid TAVI എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കഴുത്തിലെ ധമനിയിലൂടെ ഹൃദയവാൽവ് മാറ്റിവെച്ചത്.
ഡോക്ടർമാരായ അലി സാഹിബ്, മുഹമ്മദ് അൽ തുർക്കി, അഹമ്മദ് അൽ അമീർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിനെ തുടർന്ന് രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുകയും രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടുകയും ചെയ്തു.
മിഡിൽ ഈസ്റ്റിലെ ഹൃദയചികിത്സാ വിദഗ്ധർ പങ്കെടുത്ത TCT Plus Middle East സമ്മേളനത്തിൽ ശസ്ത്രക്രിയ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.2024 സെപ്റ്റംബറിൽ ആരംഭിച്ച ജാബർ ആശുപത്രിയിലെ ഹൃദയവാൽവ് ചികിത്സാ പദ്ധതി ആദ്യ 18 മാസത്തിനിടെ നൂറിലധികം വാൽവ് മാറ്റിവെക്കൽ നടപടികൾ വിജയകരമായി പൂർത്തിയാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.



