കുവൈത്ത് സിറ്റി, സെപ്റ്റംബർ 24: കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന രാസവസ്തുക്കൾ കസ്റ്റംസിൽ നിന്ന് വിട്ടുനൽകുന്നതിന് മൂന്ന് ഘട്ടങ്ങളിലൂടെയുള്ള പരിശോധനാ സംവിധാനം ജനറൽ എൻവയോൺമെന്റ് അതോറിറ്റി പ്രഖ്യാപിച്ചു.
അപകടകരമായ രാസവസ്തുക്കളുടെ ഇറക്കുമതിയും കൈകാര്യം ചെയ്യലും നിയന്ത്രിക്കുന്നതിനും പരിസ്ഥിതി, ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടി.പുതിയ സംവിധാനപ്രകാരം ആദ്യഘട്ടത്തിൽ ചരക്കുകളുടെ വിവരങ്ങൾ, ഇറക്കുമതി ലൈസൻസ്, മെറ്റീരിയൽ സേഫ്റ്റി ഡാറ്റാ ഷീറ്റ് (MSDS) ഉൾപ്പെടെയുള്ള രേഖകൾ വിശദമായി പരിശോധിക്കും.രണ്ടാംഘട്ടത്തിൽ രാസവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് അതോറിറ്റിയുടെ അംഗീകൃത ലബോറട്ടറികളിൽ പരിശോധന നടത്തും. ഇവ പരിസ്ഥിതി, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
മൂന്നാംഘട്ടത്തിൽ കെമിക്കൽ സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് എല്ലാ സാങ്കേതിക രേഖകളും പരിശോധനാ ഫലങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും ചരക്കുകൾ വിട്ടുനൽകുന്നതിനുള്ള അന്തിമ അനുമതി നൽകുക.പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കർശനമായി പാലിക്കുന്നതിനൊപ്പം ഇറക്കുമതി കമ്പനികൾക്കുള്ള കസ്റ്റംസ് ക്ലിയറൻസ് നടപടികൾ വേഗത്തിലാക്കാനും സംവിധാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി



