കുവൈറ്റ് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ പൊതുവെ ചൂടുകൂടിയ കാലാവസ്ഥയായിരിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയങ്ങളിൽ കടുത്ത ചൂടും തീരപ്രദേശങ്ങളിൽ ഉയർന്ന തോതിലുള്ള ഈർപ്പവും അനുഭവപ്പെടും. എന്നാൽ രാത്രികാലങ്ങളിൽ ചൂട് കുറഞ്ഞ് മിതമായ കാലാവസ്ഥയായിരിക്കുമെന്നും, ചൂടുള്ളതും ഈർപ്പമുള്ളതുമായ കാറ്റിന്റെ സ്വാധീനമാണ് ഇതിന് കാര്യമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യൻ മൺസൂൺ ന്യായമർദ്ദത്തിന്റെ സ്വാധീനഫലമായി രാജ്യത്ത് താരതമ്യേന ചൂടും ഈർപ്പവുമുള്ള വായു പ്രവാഹം നിലനിൽക്കുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ദരാർ അൽ-അലി പറഞ്ഞു. വടക്കുപടിഞ്ഞാറൻ മുതൽ വ്യതിചലിക്കുന്ന സ്വഭാവത്തിലുള്ള കാറ്റ് മിതമായ വേഗതയിൽ വീശിയടിക്കാൻ സാധ്യതയുണ്ട്.
വ്യാഴാഴ്ച രാജ്യത്ത് അതികഠിനമായ ചൂടായിരിക്കുമെന്നും തീരപ്രദേശങ്ങളിൽ ഈർപ്പം അനുഭവപ്പെടുമെന്നും അൽ-അലി വ്യക്തമാക്കി. മണിക്കൂറിൽ 8 മുതൽ 38 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. 45 ഡിഗ്രി സെൽഷ്യസിനും 47 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും ഈ ദിവസങ്ങളിലെ ഉയർന്ന താപനില. കടൽ സാധാരണ നിലയിലായിരിക്കുമെന്നും 1 മുതൽ 4 അടി വരെ ഉയരത്തിൽ തിരമാലകൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.



