കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫഹീലയിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ നാല് ടയറുകളും റിമ്മുകളും മോഷ്ടാക്കൾ അഴിച്ചുകൊണ്ടുപോയി. കുവൈറ്റ് പൗരന്റെ പരാതിയിൽ ഫഹീല പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ടയറുകളും റിമ്മുകളും നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഉടമ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.
ജാപ്പനീസ് നിർമ്മിത കാറിലെത്തിയ രണ്ട് പേർ വാഹനം പാർക്ക് ചെയ്തിരുന്ന കാറിന് സമീപം നിർത്തുന്നതും, തുടർന്ന് പുറത്തിറങ്ങി നാല് ടയറുകളും റിമ്മുകളും അഴിച്ചെടുത്ത ശേഷം അതേ കാറിൽ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.സിസിടിവി ദൃശ്യങ്ങളും വാഹനത്തിന്റെ നമ്പറും കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഫഹീല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിച്ചുവരുന്നു.



