കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ പതിനൊന്നാമത് ആയുർവേദ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ 23ന് എംബസി അങ്കണത്തിൽ നടന്ന ആഘോഷത്തിൽ ആയുർവേദ വിദഗ്ധർ, ആരോഗ്യരംഗത്തെ പ്രതിനിധികൾ, ഇന്ത്യൻ സമൂഹാംഗങ്ങൾ എന്നിവരടക്കം ഇരുന്നൂറിലേറെ പേർ പങ്കെടുത്തു.
ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി ചടങ്ങിനെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ പരമ്പരാഗത ചികിത്സാ പൈതൃകത്തിന്റെ പ്രധാന ഭാഗമായ ആയുർവേദത്തിന് ആഗോളതലത്തിൽ ലഭിച്ചുവരുന്ന അംഗീകാരത്തെക്കുറിച്ച് അംബാസഡർ സംസാരിച്ചു.മാനസിക സമ്മർദ്ദം കുറയ്ക്കൽ, മികച്ച ഉറക്കം, ആരോഗ്യകരമായ ജീവിതശൈലി, രോഗപ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ പ്രഭാഷണങ്ങളും നടന്നു.
ആയുർവേദ ഉൽപ്പന്നങ്ങളുടെയും ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെയും പ്രദർശനം, കളരി-യോഗ പ്രകടനം, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുവൈത്തിൽ ആയുർവേദത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും ഇന്ത്യയുടെ പരമ്പരാഗത ആരോഗ്യസംരക്ഷണ രീതികൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടി.



