കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റയിൽ വാഹന പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചു. സംഭവത്തിൽ ബിദൂൻ വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.ജഹ്റയിലെ ഐൻ ജാലൂത്ത് സ്ട്രീറ്റിലുള്ള ഒരു സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാർക്കിങ് ഏരിയയിലാണ് സംഭവം നടന്നത്.
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അറബ് പ്രവാസിയുമായി ഉണ്ടായ വാക്കുതർക്കം പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റയാളുടെ താഴത്തെ താടിയെല്ലിന്റെ വലതുഭാഗത്ത് പൊട്ടലുണ്ടായതായി മെഡിക്കൽ റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.
പരിക്കേറ്റയാൾ നൽകിയ പരാതിയുടെയും മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ഗുരുതരമായ ആക്രമണക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് നിർദേശം നൽകി. സംഭവത്തിൽ ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.



