കുവൈറ്റ് സിറ്റി: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പൊതു വേദിയായി ഇടതു പക്ഷ സർക്കാർ രൂപികരിച്ച ‘ലോക കേരള സഭ’ പിരിച്ചുവിടുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കടുത്ത പ്രതിഷേധം അറിയിക്കുന്നതോടൊപ്പം, പ്രവാസി സമൂഹത്തോടുള്ള സർക്കാരിൻ്റെ വെല്ലുവിളിയാണ് ഈ തീരുമാനമെന്നും ഓവർസീസ് എൻ സി പി ഭാരവാഹികൾ അറിയിച്ചു. പ്രവാസി സമൂഹത്തിന് സംസ്ഥാന സർക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനും അവരുടെ പ്രശ്നങ്ങൾ ഔദ്യോഗികമായി ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും സാധിച്ചിരുന്ന സുപ്രധാനമായ ഒരു സംവിധാനമാണ് ഇതോടെ ഇല്ലാതാകുന്നത്.
2018-ൽ രൂപീകൃതമായ ലോക കേരള സഭ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി പ്രവാസികളുടെ സാംസ്കാരിക-സാമൂഹിക-സാമ്പത്തിക ശേഷിയെ നാടിന്റെ വികസനവുമായി കൂട്ടിയോജിപ്പിക്കുന്നതിൽ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. കേരള നിയമസഭാംഗങ്ങളും, പാർലമെൻ്റ് അംഗങ്ങളും, ലോകമെമ്പാടുമുള്ള പ്രവാസി പ്രതിനിധികളും ഉൾപ്പെടെ 351 അംഗങ്ങൾ ചേർന്ന ഈ ജനാധിപത്യ വേദിയെ ഇത്തരത്തിൽ ഉപേക്ഷിക്കുന്നത് പ്രവാസികളോടുള്ള കടുത്ത അവഗണനയാണെന്ന് ഓവർസീസ് എൻ സി പി ഭാരവാഹികൾ പറഞ്ഞു.നോർക്ക കെയർ ഇൻഷുറൻസ്, ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, പ്രവാസി മിഷൻ, നോർക്ക പോലീസ് സ്റ്റേഷൻ, സ്റ്റുഡൻറ് മൈഗ്രെഷൻ പോർട്ടൽ, എയർപോർട്ട് ഹെല്പ് ഡെസ്ക് , ലോക കേരളം ഓൺലൈൻ പോർട്ടൽ , നോർക്ക കോ-ഓർഡിനേഷൻ കൗൺസിൽ തുടങ്ങിയ നിരവധി നല്ല ആശയങ്ങൾ ഉയർന്നു വന്നതു ലോക കേരള സഭാംഗങ്ങളിൽ നിന്നാണ്.
ഈ ആശയങ്ങളാണ് കേരള സർക്കാർ പ്രവാസി ക്ഷമത്തിനായി പിന്നീട് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്കേന്ദ്ര സർക്കാരിന്റെ വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നിർദേശത്തിൽ ലോക കേരള സഭ , മറ്റു സംസ്ഥാനങ്ങൾക്ക് കൂടി അനുകരണീയമായ മാതൃകയാണെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയതു പോലും മറന്നു കൊണ്ടാണ് ഇപ്പോൾ കേരള സർക്കാർ മുന്നോട്ടു പോകുന്നത്.കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനും സർക്കാരുമായുള്ള നിരന്തര ആശയവിനിമയത്തിനും ശക്തമായ ഒരു ഔദ്യോഗിക സംവിധാനം അനിവാര്യമാണ്. നിലവിലുള്ള ലോക കേരള സഭ സംവിധാനത്തിൽ പ്രവാസി പ്രാതിനിധ്യം ഇല്ലാതാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
അതിനാൽ ലോക കേരള സഭ പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, കൂടുതൽ കരുത്തോടെ പ്രവാസി സമൂഹത്തിന്റെ വികസന പങ്കാളിത്തവും ക്ഷേമവും ഉറപ്പാക്കിക്കൊണ്ട് ഈ സംവിധാനം മുന്നോട്ട് കൊണ്ടുപോകണമെന്നും എൻ സി പി (എസ് പി )ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്, നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ, കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി ,ജനറൽ സെക്രട്ടറി അരുൾ രാജ് എന്നിവർ വാർത്താക്കുറിപ്പിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.



