ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്ക്) പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ ഇഖ്‌റാ അമേരിക്കൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റ് കുട്ടികളുടെയും മുതിർന്നവരുടെയും വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.മുതിർന്നവരുടെ വിഭാഗത്തിൽ ആകെ 32 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. യു.എഫ്.സി മംഗഫ് ചാമ്പ്യന്മാരായപ്പോൾ അദലിയ എഫ്.സി. ഒന്നാം റണ്ണറപ്പും ചെന്നൈ എഫ്.സി. രണ്ടാം റണ്ണറപ്പുമായി.കുട്ടികളുടെ വിഭാഗത്തിൽ 50 തിൽ പരം കുട്ടികൾ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. ജോയൽ ജെബി ചാമ്പ്യനായപ്പോൾ റോൺ ജോസഫ് ഒന്നാം റണ്ണറപ്പായി. വിവാൻ വിശ്വ, തിമോത്തി, ഇമ്മാനുവേൽ എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു.
മുതിർന്നവരുടെ വിഭാഗത്തിലെ ചാമ്പ്യന്മാരായ യു.എഫ്.സി മംഗഫിന് ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ ട്രോഫി കൈമാറി. ഒന്നാം റണ്ണറപ്പായ അദലിയ എഫ്.സിക്ക് ടിഫാക്ക് ജനറൽ സെക്രട്ടറി മെർവിൻ വർഗീസ് ട്രോഫി സമ്മാനിച്ചു. രണ്ടാം റണ്ണറപ്പായ ചെന്നൈ എഫ്.സിക്ക് ടിഫാക്ക് വൈസ് പ്രസിഡന്റ് ബിജു ടൈറ്റസ് ട്രോഫി കൈമാറി.
മികച്ച ഗോൾകീപ്പറായി യു.എഫ്.സി മംഗഫിന്റെ ഫിറോസിനെ തെരഞ്ഞെടുത്തു. മികച്ച ഗോൾകീപ്പർക്കുള്ള ട്രോഫി ടിഫാക്ക് ട്രഷറർ റെംസി കെന്നഡി കൈമാറി.കുട്ടികളുടെ വിഭാഗത്തിലെ ചാമ്പ്യനായ ജോയൽ ജെബിക്ക് അൽ നഹീൽ ഇന്റർനാഷണൽ ക്ലിനിക് – ഷിഫ അൽ ജസീറ അഡ്മിനിസ്ട്രേഷൻ മാനേജർ വിജിത് വി. നായർ ട്രോഫി കൈമാറി. ഒന്നാം റണ്ണറപ്പായ റോൺ ജോസഫിന് ടിഫാക്ക് അംഗം ജോസഫ് പൗലോസ്സ് ട്രോഫി സമ്മാനിച്ചു. പ്രോത്സാഹന സമ്മാനങ്ങൾ ലിജോയ്, ജെനോവ, സജിത് എന്നിവർ കൈമാറി.ടൂർണമെന്റിലുടനീളം മെഡിക്കൽ പാർട്ണറായി സാന്നിധ്യമറിയിച്ച അൽ നഹീൽ ഇന്റർനാഷണൽ ക്ലിനിക് – ഷിഫ അൽ ജസീറയ്ക്ക് ടിഫാക്ക് പ്രതിനിധി ആഷ്‌ലി ജോസഫ് സ്നേഹോപഹാരം കൈമാറി.
ടൂർണമെന്റിന്റെ മുഴുവൻ സമയവും മെഡിക്കൽ പിന്തുണ നൽകിയതിനുള്ള ആദരസൂചകമായാണ് സ്നേഹോപഹാരം സമ്മാനിച്ചത്.വൻ ജനപങ്കാളിത്തമാണ് ടൂർണമെന്റിന് ലഭിച്ചത്. ആവേശം നിറഞ്ഞ മത്സരങ്ങളും കാണികളുടെ സജീവ സാന്നിധ്യവും പരിപാടിക്ക് കൂടുതൽ നിറവും ആവേശവും പകർന്നു. കായികപ്രേമികളുടെ മികച്ച പിന്തുണയോടെ ടൂർണമെന്റ് ശ്രദ്ധേയമായി



