കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ പ്രവാസികൾ ഹൃദയാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ഓർമ്മിപ്പിക്കുന്ന കണക്കുകളാണ് ദുബായിലെ ഒരു പ്രമുഖ ആശുപത്രിയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്.
ദുബായിലെ ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂളിൽ ചികിത്സ തേടിയ 3,500-ലധികം ഹൃദ്രോഗികളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ 90 ശതമാനത്തിലധികം പേരും ദക്ഷിണേഷ്യക്കാരാണെന്ന് കണ്ടെത്തി. ഇവരിൽ 65 ശതമാനത്തിലധികം പേർ ഇന്ത്യക്കാരാണ്. പാകിസ്ഥാനികളും ഫിലിപ്പീൻസുകാരുമാണ് പിന്നാലെ.6,000-ലധികം രോഗികളെ ഉൾപ്പെടുത്തിയ മറ്റൊരു വിശകലനത്തിൽ ഹൃദയസംബന്ധമായ ചികിത്സകൾക്ക് വിധേയരായവരിൽ ഏകദേശം പകുതിയും 31 മുതൽ 50 വയസുവരെയുള്ളവരാണെന്നും കണ്ടെത്തി. 41 മുതൽ 50 വയസുവരെയുള്ളവർ മാത്രം 35 ശതമാനത്തിലധികമാണ്.
20-കളുടെ അവസാനത്തിലും 30-കളുടെ തുടക്കത്തിലുമുള്ളവരിൽ പോലും ഹൃദയാഘാതം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാണുന്നതായി ഡോക്ടർമാർ പറയുന്നു. ദക്ഷിണേഷ്യക്കാരിൽ ജനിതകമായ അപകടസാധ്യതയ്ക്കൊപ്പം വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി, പുകവലി തുടങ്ങിയവയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്.
കുവൈത്തിലെ പ്രവാസികൾ ഉൾപ്പെടെ ഗൾഫിൽ കഴിയുന്നവർ രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ ഹൃദ്രോഗ അപകടഘടകങ്ങൾ പതിവായി പരിശോധിക്കുകയും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുകയും പുകവലി പൂർണമായി ഒഴിവാക്കുകയും ചെയ്യുന്നത് പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.ഗൾഫിലെ ദക്ഷിണേഷ്യൻ പ്രവാസികൾക്കിടയിൽ ചെറുപ്പത്തിൽ തന്നെ ഹൃദയാരോഗ്യത്തിൽ ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയാണ് റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നത്.



