കുവൈറ്റ് സിറ്റി: അൽ ഷഹീദ് പാർക്ക് മൂന്നാം ഘട്ടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച രാത്രി 8 മണിക്ക് നടക്കും. അമീർ ഷെയ്ഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ, അദ്ദേഹത്തിന്റെ പ്രതിനിധിയായി പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹ് ഉദ്ഘാടനം നിർവഹിക്കും. അൽ ഷഹീദ് പാർക്കിലെ അൽ-സൂർ തിയേറ്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന ‘അൽ-സൂർ’ എന്ന ദേശീയ കലാപ്രകടനവും അരങ്ങേറും. അൽ ഷഹീദ് പാർക്ക് മൂന്നാം ഘട്ടത്തിലെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഔദ്യോഗിക ഉദ്ഘാടന വിവരം മന്ത്രിസഭ അറിയിച്ചത്.
ഇതോടൊപ്പം പ്രധാനപ്പെട്ട മറ്റൊരു തീരുമാനവും മന്ത്രിസഭ കൈക്കൊണ്ടു. സിൽക്ക് സിറ്റി (അൽ-സാബിയ), ബുബിയൻ ഐലൻഡ് ഡെവലപ്മെന്റ് ബോർഡ് എന്നിവ സ്ഥാപിച്ചുകൊണ്ട് 2012-ൽ പുറത്തിറക്കിയ 240-ാം നമ്പർ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഡ്രാഫ്റ്റ് ഡെക്രി മന്ത്രിസഭ ചൊവ്വാഴ്ച അംഗീകരിച്ചു. ഇതുസംബന്ധിച്ച കരട് ഉത്തരവ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേർന്നത്.



