കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ അൽ അഹ്മദ് ആശുപത്രിയിൽ രാജ്യത്ത് ആദ്യമായി ശസ്ത്രക്രിയ കൂടാതെ എൻഡോസ്കോപ്പിലൂടെ പിത്തരസം ഒഴുക്കുന്നതിനുള്ള അത്യാധുനിക ചികിത്സ വിജയകരമായി നടത്തി.പിത്തനാളിയിലെ കാൻസർ മൂലമുള്ള തടസ്സം സാധാരണ ചികിത്സാ രീതികളിലൂടെ നീക്കം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചത്. എൻഡോസ്കോപ്പിക് അൾട്രാസൗണ്ടിന്റെ സഹായത്തോടെ കരളിനുള്ളിലെ പിത്തനാളിയും ആമാശയവും തമ്മിൽ പ്രത്യേക പാത സൃഷ്ടിച്ച് പിത്തരസം ഒഴുക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്.
ഗ്യാസ്ട്രോഎൻട്രോളജി, അഡ്വാൻസ്ഡ് തെറാപ്പ്യൂട്ടിക് എൻഡോസ്കോപ്പി കൺസൾട്ടന്റ് ഡോ. യൂസഫ് അൽ ഷിമാലിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സ നടത്തിയത്. ഗ്യാസ്ട്രോഎൻട്രോളജി, അനസ്തീഷ്യ, കരൾ-പാൻക്രിയാസ് ശസ്ത്രക്രിയാ വിഭാഗങ്ങളിലെ വിദഗ്ധരും നഴ്സിംഗ് സംഘവും നടപടിയിൽ പങ്കെടുത്തു.
ചികിത്സ വിജയകരമായി പൂർത്തിയായതിനെ തുടർന്ന് രോഗിക്ക് കീമോതെറാപ്പി ആരംഭിക്കാനുള്ള സാഹചര്യം ഒരുക്കാനായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളോ മറ്റ് സങ്കീർണതകളോ ഇല്ലാതെ രോഗി ആശുപത്രി വിട്ടതായും അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ വിദഗ്ധ ചികിത്സാ രംഗത്തിന്റെ പുരോഗതിയും സങ്കീർണമായ ചികിത്സകൾ രാജ്യത്തിനകത്ത് തന്നെ നടത്താനുള്ള ദേശീയ മെഡിക്കൽ സംഘങ്ങളുടെ കഴിവും വ്യക്തമാക്കുന്നതാണ് ഈ നേട്ടമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.



