കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിൽ വിപണിയിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമമായ ഭരണ സംവിധാനവും ഉറപ്പാക്കുന്നതിനൊപ്പം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കാൻ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) നീക്കം തുടങ്ങി.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും PAM ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
PAM-ന്റെ പ്രവർത്തന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നടപടികൾ മെച്ചപ്പെടുത്താനും ഷെയ്ഖ് ഫഹദ് അൽ യൂസഫ് നിർദേശിച്ചു.തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കുകയും തൊഴിലാളികൾ, തൊഴിലുടമകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ പൂർണമായി സംരക്ഷിക്കുകയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.
പൗരന്മാർക്കും തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്പെടുന്ന വികസന പദ്ധതികളും പരിപാടികളും നടപ്പാക്കണമെന്നും സർക്കാർ സേവനങ്ങളുടെ നവീകരണവുമായി PAM-ന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും യോഗത്തിൽ നിർദേശം നൽകി.അതോറിറ്റിയുടെ നിലവിലെ പ്രവർത്തനങ്ങളും സ്ഥാപനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും യോഗം അവലോകനം ചെയ്തു.



